
ഭോപ്പാൽ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ആരും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകൾ നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ സ്വന്തമായി മാസ്ക് തയ്ച്ച് ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് ബിജെപി എംപി. മധ്യപ്രദേശിലെ രേവ നിയോജക മണ്ഡലത്തിലെ എംപിയായ ജനാർദൻ മിശ്രയാണ് ജനങ്ങൾക്ക് മാസ്കുകൾ വിതരണം ചെയ്യുന്നത്.
താനിക്ക് തയ്യൽ അറിയില്ലായിരുന്നുവെന്നും തുണിമുറിക്കുന്നതും തയ്ക്കുന്നതും എങ്ങനെയാണെന്ന് പഠിച്ചതിന് ശേഷമാണ് മാസ്ക് നിർമ്മിക്കാൻ തുടങ്ങിയതെന്നും ജനാർദൻ മിശ്ര പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് തവണ എംപി ആയിരുന്ന മിശ്ര തന്റെ നിയോജക മണ്ഡലത്തിലെ ആളുകൾക്കാണ് മാസ്കുകൾ തയ്ച്ച് വിതരണം ചെയ്യുന്നത്.
'കൊറോണ വൈറസ് പടരാതിരിക്കാൻ മുഖം മറയ്ക്കേണ്ടതുണ്ടെന്ന് ആളുകൾക്ക് അറിയാം, പക്ഷേ അവർക്ക് മാസ്കുകൾ ലഭ്യമല്ല. അതിനാൽ സ്വന്തമായി മാസ്കുകൾ തയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഒന്നും ധരിക്കാത്തതിനേക്കാൾ നല്ലതാണെന്ന് പറഞ്ഞ് ഡോക്ടർമാരും വിദഗ്ധരും താൻ വീട്ടിൽ നിർമ്മിച്ച തുണി മാസ്കിന് അംഗീകാരം നൽകി' ജനാർദൻ മിശ്ര പറഞ്ഞു.
ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന സമയം മാസ്ക് നിർമ്മിക്കാൻ വിനിയോഗിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്നും മിശ്ര വ്യക്തമാക്കി. ഒരു പൊതു പ്രതിനിധിയുടെ ജോലി പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ്. എന്നാൽ, ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ സാധിക്കാത്തതിനാലാണ് മാസ്ക് നിർമ്മിക്കുന്നതിലേക്ക് തിരിഞ്ഞതെന്നും മിശ്ര കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam