
ദില്ലി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ദില്ലിയിലെ ജന്തർ മന്തറിനെ ബിനാലെ വേദിയായി തെരഞ്ഞെടുത്ത് കേന്ദ്രസർക്കാർ. സംസ്കാരിക മന്ത്രാലയം നടത്തുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ജന്തർ മന്തർ വേദിയാവുക. സി ജെ പി സമര പ്രഖ്യാപനത്തിന് പിന്നാലെ ഈ മാസം 12 ന് ദില്ലി പൊലീസ്, ജന്തർ മന്തറിനെ സമരകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. ഡിസംബർ 4 ന് തുടങ്ങുന്ന ഇന്ത്യ ബിനാലെയിൽ കുത്തബ് മിനാറടക്കം മറ്റ് ചരിത്ര സ്മാരകങ്ങളും വേദികളാകും. 2023 ൽ നടന്ന ഇന്ത്യ ബിനാലെയ്ക്ക് ചെങ്കോട്ടയായിരുന്നു വേദി. ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായാണ് ദില്ലി പൊലീസ്, പതിറ്റാണ്ടുകളായി ദില്ലിയിലെ സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ജന്തർ മന്തറിന് പകരം പ്രക്ഷോഭങ്ങൾക്കായി ദില്ലിയിൽ മൂന്ന് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി ബി ഡി (CBD) ഗ്രൗണ്ട് എന്നിവയാണ് സമരവേദികൾ. പ്രതിഷേധങ്ങൾ തടസ്സമില്ലാതെ നടത്താൻ ബദൽ വേദികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് ദില്ലി പൊലീസ് ഈ മാസം 12 ന് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പ്രതിഷേധ വേദികൾ പുനഃക്രമീകരിച്ചുകൊണ്ട് 2022 ഏപ്രിൽ 28 ലെ മുൻ ഉത്തരവാണ് പൊലീസ് ഭാഗികമായി ഭേദഗതി ചെയ്തത്. പ്രധാന സർക്കാർ ഓഫീസുകളും പാർലമെന്റും സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിന്നുമുള്ള ഈ വേദി മാറ്റം പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന വിമർശനം ഉയർന്നിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam