
ദില്ലി: സുപ്രീംകോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലം ചെയ്ത തെറ്റുകൾ തുറന്ന് സമ്മതിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എസ്ഐആർ തുടങ്ങാൻ ആര് അനുമതി നൽകിയെന്നതിന് പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കൈയിൽ രേഖയില്ലെന്നും ഫോം 6 ൽ അടക്കം മാറ്റങ്ങൾ വരുത്തിയത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമായെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതുവരെ മാധ്യമങ്ങളടക്കം ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും കമ്മീഷന് മൗനം മാത്രമാണ് മറുപടിയെന്നും തീരുമാനങ്ങൾ കൂട്ടായി എടുത്തതിന് ഒരു തെളിവുമില്ലെന്നും ഐസ പ്രസിഡന്റ് നേഹ ബോറയും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സുപ്രീം കോടതിയിലെ സത്യവാങ്മൂലം സംബന്ധിച്ച് ദില്ലിയിൽ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, യോഗേന്ദ്ര യാദവ് എന്നിവരും പങ്കെടുത്തു.
അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അടക്കം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്ഐആറിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പ് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനം ഒറ്റയ്ക്ക് എടുത്തുവെന്നത് അടക്കം പരിശോധിക്കും എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാം പരിശോധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിശോധിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് കോടതി പത്ത് ദിവസം സമയം അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് അധിക സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച സമയവും കോടതി നൽകി.
രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കൾക്കും വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് കോടതിയിൽ ഹാജരായത്. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്‌ഠമായിരുന്നോ അല്ലേയെന്നത് കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് എല്ലാം പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിലെ ഗ്യാനേഷ് കുമാറിന്‍റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്ന ഹർജികളാണ് കോടതിയുടെ പരിഗണനക്കെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam