
ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ ഹർജിയിൽ കക്ഷിചേരാൻ അപേക്ഷ നൽകി ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ കേരള സംസ്ഥാന കമ്മിറ്റി. കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശിയാണ് അഭിഭാഷക സ്ഥാപനമായ സുഭാഷ് ചന്ദ്രൻ ആൻഡ് കവിത ലോ അസോസിയേറ്റ്സ് മുഖേന അപേക്ഷ നൽകിയത്.
വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി അർഹരായ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകാനുള്ള സാധ്യത, യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ഇതര സംസ്ഥാന തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയാണ് അപേക്ഷയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. തെറ്റായി ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകൾ തിരികെ ഉൾപ്പെടുത്തുന്നതിനും പിഴവുകൾ തിരുത്തുന്നതിനും സുതാര്യവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെടുന്നു.
വോട്ടവകാശം സംരക്ഷിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന, സുതാര്യമായ ജനാധിപത്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇടപെടൽ അപേക്ഷയിലൂടെ സംഭാവന നൽകുകയാണ് ലക്ഷ്യമെന്ന് സംഘടന അറിയിച്ചു. ഇന്ത്യസഖ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറുപടി തേടിയിരുന്നു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള നിയമനടപടികളുടെ ഭാഗമാകും സംഘടനയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും എ.എ. മുഹമ്മദ് ഹാഷിം, സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനുമായ അഡ്വ. അനൂപ് മോഹൻ എന്നിവർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam