
റായ്പൂർ: വിവാഹം നിശ്ചയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഗണേഷ് റാം കുഞ്ചാം എന്ന 27കാരന്‍ ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ സേവനത്തിന് എത്തിയത്. അതിര്‍ത്തിയിലെത്തി ഒരുമാസത്തിന് ശേഷം നടന്ന ചൈനീസ് ആക്രമണത്തില്‍ ഗണേഷ് ജീവന്‍ വെടിഞ്ഞു. ഗണേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുയാണ് നാട്ടുകാരും കുടുംബാംഗങ്ങളും.
ഛത്തീസ്ഗഡിലെ കാന്‍കെര്‍ ജില്ലയിലെ കുത്രുതോല സ്വദേശിയാണ് ഗണേഷ്. 2011ലായിരുന്നു ഗണേഷ് സൈന്യത്തിലെത്തിയത്. കഴിഞ്ഞ മാസം ചൈന അതിര്‍ത്തിയില്‍ പോസ്റ്റിങ് ലഭിച്ചു. 'ചൊവ്വാഴ്ച വൈകുന്നേരമാണ് ഗണേഷ് മരിച്ചെന്ന വിവരം സൈന്യത്തില്‍ നിന്ന് ലഭിച്ചത്. ചൈന ബോര്‍ഡറിലേക്ക് പോകുന്നതിന് മുന്‍പ് ഒരുമാസം മുന്‍പാണ് ഗണേഷ് കുടുംബത്തോട് സംസാരിച്ചത്. അതിന് ശേഷം ഗണേഷിനോട് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല'- ഗണേഷിന്റെ ബന്ധു പറയുന്നു.
കഴിഞ്ഞ ലീവിന് നാട്ടിലെത്തിയപ്പോള്‍ ഗണേഷിന്റെ വിവാഹം ഉറപ്പിച്ചിരുന്നെന്നും എന്നാല്‍ കൊവിഡ് വ്യാപനം കാരണം തീയതി തീരുമാനിക്കാന്‍ സാധിച്ചില്ലെന്നും ഇവർ വ്യക്തമാക്കുന്നു. പ്ലസ്ടു പരീക്ഷ പാസായതിന് പിന്നാലെ ഗണേഷ് സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, സൈനിക ബഹുമതികളോടെ വ്യാഴാഴ്ച ഗണേഷിന്റെ സംസ്‌കാരം നടത്തുമെന്ന് കാന്‍കെര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam