
ദില്ലി: ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിനെതിരായ ഇഡി റെയ്ഡിൽ വൻ തുക കണ്ടെടുത്തു. പൂജയുടെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടിൽ നിന്ന് 19കോടി രൂപയാണ് പിടിച്ചെടുത്തത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഇഡിയെ ഉപയോഗിച്ച് പേടിപ്പെടുത്താൻ നോക്കുകയാണെന്നായിരുന്നു ഹേമന്ദ് സോറന്‍റെ പ്രതികരണം.
പൂജാ സിംഗാളിന്‍റെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ റാഞ്ചിയിലെ വീട്ടിൽ 4 പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്. 500ന്‍റെയും 2000ന്‍റെയുമെല്ലാം നോട്ടുകളായി 19 കോടി രൂപയാണ് പിടിച്ചെടുത്തത്. സമീപകാലത്തെ ഇഡിയുടെ വമ്പൻ കള്ളപ്പണ വേട്ടയാണിത്.
2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 18 കോടി വെട്ടിച്ച കേസിൽ കുന്തീ ജില്ലയിലെ ഒരു ജൂനിയർ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പങ്ക്കൊടുത്തെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്ന് ഇഡി പറയുന്നു. പഞ്ചാബ്,ബീഹാർ,മഹാരാഷ്ട്ര, ബംഗാൾ, ജാർഖണ്ഡ് അങ്ങനെ 5 സംസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു. പൂജയുടെ ഭർത്താവ് എംഡിയായ റാഞ്ചിയിലെ ആശുപത്രിയടക്കം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഓഫീസുകളിലും വീടുകളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി.
ഖനനത്തിന് അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന് നേരെ ആരോപണങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെയാണ് ഇഡിയുടെ ഈ നീക്കം. ജാർഖണ്ഡിൽ അധികാരം നഷ്ടപ്പെട്ട ബിജെപി ഇഡിയെ പ്രതികാരത്തിന് ഉപയോഗിക്കുകയാണെന്നാണ് ഹേമന്ദ് സോറന്‍റെ പ്രതികരണം.
ഭീകരനോടെന്ന പോലെ പഞ്ചാബ് പൊലീസ് പെരുമാറി, കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു; തജീന്ദർ ബഗ്ഗ
ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്ന് ബിജെപി നേതാവ് തജീന്ദർ ബഗ്ഗ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതതെന്നും കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ബഗ്ഗ പറഞ്ഞു. അതേസമയം തജീന്ദര്‍ ബഗ്ഗയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് പഞ്ചാബ് ഹരിയാന ഹൈക്കോടതി മെയ് പത്തിലേക്ക് മാറ്റി
സെർച്ച് വാറന്‍റ് പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തില്‍ ഇന്നലെ അർധരാത്രിയില്‍ തന്നെ തജ്ജീന്ദർ ബഗ്ഗയെ ദില്ലി പൊലീസ് മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് വീട്ടിലുമെത്തിച്ചു. കേസെടുത്ത് തന്നെ ഭയപ്പെടുത്താൻ കെജ്രിവാളിന് ആകില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെനും തജീന്ദർ ബഗ്ഗ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭീകരനോടെന്ന പോലെയാണ് പഞ്ചാബ് പൊലീസ് പെരുമാറിയത് . വാറണ്ട് പോലും കാണിച്ചില്ല. ട്വീറ്റില്‍ ഉറച്ച് നില്‍ക്കുന്നു. തജീന്ദർ ബഗ്ഗ പറഞ്ഞു.
ഇന്ന് കേസ് പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വാദം കേട്ട ശേഷം കേസ് മാറ്റി വെച്ചു. ഈ മാസം പത്തിലേക്കാണ് കേസ് മാറ്റിയത്. കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ദില്ലി പോലീസും ഹരിയാനയും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദില്ലിയില്‍ കോര്‍പ്പറേഷന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തജീന്ദർ ബഗ്ഗയുടെ അറസ്റ്റ് ആംആദ്മി സർക്കാരിനെതിരെ ശക്തമായി ഉയര്‍ത്താനാണ് ബിജെപി നീക്കും. ബിജെപി സിക്ക് വിഭാഗം നേതാക്കളുടെ പ്രതിഷേധം കെജ്രിവാളിന്‍റെ വസതിക്ക് മുൻപില്‍ സംഘടിപ്പക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam