
റാഞ്ചി: മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം പിഴയിട്ടും ഗ്രാമത്തിൽ സദ്യ നടത്താൻ ഉത്തരവിട്ടും ഒതുക്കിതീർത്ത് നാട്ടുപഞ്ചായത്ത്. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് പെൺകുട്ടിയെ ബലാത്സംഗംചെയ്ത സംഭവം പിഴ അടയ്ക്കാൻ ഉത്തരവിട്ട് ഒതുക്കിയത്. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
ജൂലായ് 11-നാണ് ഗുംലയിലെ ഗ്രാമത്തിൽ മൂന്നുവയസ്സുകാരി ബലാത്സംഗത്തിനിരയായത്. തുടർന്ന് കുട്ടിയുടെ അമ്മയാണ് പരാതി അറിയിച്ചത്. എന്നാൽ, സംഭവത്തിൽ പ്രതി പിഴ അടച്ചാൽ മതിയെന്നായിരുന്നു നാട്ടുപഞ്ചായത്തിന്റെ ഉത്തരവ്. കുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവെയ്ക്കാതെയാണ് പിഴ നൽകി പ്രതിക്ക് രക്ഷപ്പെടാൻ നാട്ടുപഞ്ചായത്ത് അവസരം നൽകിയത്.
ആകെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ഇതിൽ 20,000 രൂപ ഇപ്പോൾ തന്നെ നൽകണമെന്നുമായിരുന്നു നാട്ടുപഞ്ചായത്തിന്റെ നിർദേശം. ഈ 20,000 രൂപ ഉപയോഗിച്ച് ഗ്രാമത്തിൽ സദ്യ നടത്താനും ബാക്കി തുക കുട്ടിയുടെ കുടുംബത്തിന് നേരിട്ട് കൈമാറാനും നാട്ടുപഞ്ചായത്ത് ഉത്തരവിട്ടിരുന്നു. എന്നാൽ, സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഗ്രാമത്തിലെത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തുമെന്നും സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചവർക്കെതിരേയും അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam