കടൽമാർഗം 2025 നവംബറിലാണ് യുഎസ് പൗരൻ ഇന്ത്യയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഗോവയിൽ താമസിച്ചുവരികയായിരുന്നു. ജൂലായ് 11-നാണ് മതിയായ യാത്രാരേഖകളില്ലാതെ ഇയാൾ നേപ്പാളിലേക്ക് പോകാനെത്തിയത്. ഇതോടെ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു.
ലഖ്നൗ: മതിയായ രേഖകളില്ലാതെ യുഎസ് പൗരൻ അറസ്റ്റിലായി. യുഎസിലെ മുൻ സൈനികനാണെന്ന് അവകാശപ്പെടുന്ന ജോർദാൻ ബ്രൗൺ എന്നയാളെയാണ് നേപ്പാൾ അതിർത്തിയിൽവെച്ച് കസ്റ്റഡിയിലെടുത്തത്. മതിയായ രേഖകളില്ലാതെ നേപ്പാളിലേക്ക് പോകാനെത്തിയ ഇയാളെ എസ്എസ്ബി തടഞ്ഞുവെയ്ക്കുകയും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ഇയാളെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കടൽമാർഗം 2025 നവംബറിലാണ് യുഎസ് പൗരൻ ഇന്ത്യയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഗോവയിൽ താമസിച്ചുവരികയായിരുന്നു. ജൂലായ് 11-നാണ് മതിയായ യാത്രാരേഖകളില്ലാതെ ഇയാൾ നേപ്പാളിലേക്ക് പോകാനെത്തിയത്. ഇതോടെ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു.
അതേസമയം, ചോദ്യംചെയ്യലിൽ വ്യത്യസ്തമായ മൊഴികളാണ് ജോർദാൻ ബ്രൗൺ ഓരോതവണയും പൊലീസിന് നൽകുന്നത്. കാലിഫോർണിയ സർവകലാശാലയിൽ പഠിച്ച താൻ ആറുവർഷത്തോളം യുഎസ് സൈന്യത്തിലായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. രണ്ടുവർഷം മുൻപാണ് സൈന്യത്തിലെ ജോലി ഉപേക്ഷിച്ചതെന്നും പറയുന്നു.
ടൂറിസ്റ്റ് വിസയിൽ തായ്ലാൻഡിലെത്തിയപ്പോൾ അവിടെവെച്ച് തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടെന്നായിരുന്നു ജോർദാൻ ബ്രൗണിന്റെ മൊഴി. തുടർന്ന് ശ്രീലങ്കയിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും കടൽമാർഗം യാത്രചെയ്തെന്നും ഇയാൾ നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ, പിന്നീട് ഗോവയിലേക്ക് അമേരിക്കയിൽനിന്ന് നേരിട്ടെത്തിയതാണെന്ന് ഇയാൾ തിരുത്തിപറഞ്ഞു. ആറാഴ്ചയോളം ഗോവയിൽ താമസിച്ചെന്നും പിന്നീട് ബെംഗളൂരുവിലേക്കും അവിടെനിന്ന് ലഖ്നൗവിലേക്ക് ട്രെയിനിലും വന്നെന്നും ഇയാൾ പറഞ്ഞിരുന്നു. ഗോവയിൽവെച്ച് പരിചയപ്പെട്ട നേപ്പാൾ സ്വദേശിയെ കാണാനായാണ് നേപ്പാളിൽ പോകുന്നതെന്നും ഇയാൾപറഞ്ഞു. പിന്നീട് മറ്റൊരു കാര്യവും ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. മൂന്നുവർഷം മുൻപ് ഇറ്റലിയിൽവെച്ച് ഉത്തരാഖണ്ഡ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടെന്നും 2024 ഒക്ടോബറിൽ ഇവരെ വിവാഹം കഴിച്ചെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഈ യുവതി ഇപ്പോൾ യോഗ പരിശീലകയായി ജോലിചെയ്യുകയാണെന്നും ബ്രൗൺ പറഞ്ഞിട്ടുണ്ട്.
അതേസമയം, പരസ്പരവിരുദ്ധമായ മൊഴികളായതിനാൽ യുഎസ് പൗരൻ പറഞ്ഞകാര്യങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് 31460 രൂപയും രണ്ട് മൊബൈൽഫോണുകളും പിടിച്ചെടുത്തതായും എന്നാൽ പാസ്പോർട്ടോ വിസയോ ഉൾപ്പെടെയുള്ള യാതൊരു രേഖകളും കണ്ടെടുക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. കേന്ദ്രഏജൻസികളെ വിവരമറിയിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.


