പിന്മാറാതെ വിദ്യാർത്ഥികൾ, ജാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് പ്രഖ്യാപിച്ച് ബിജെപി

Published : Aug 11, 2026, 08:49 AM IST
Jharkhand Student Protest

Synopsis

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. തിങ്കളാഴ്ച നടന്ന മാർച്ചിനെതിരായ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ബിജെപി സംസ്ഥാനത്ത് ഇന്ന് ബന്ദ് പ്രഖ്യാപിച്ചു. രാവിലെ എട്ടുമണിമുതൽ അർധരാത്രിവരെയാണ് ബന്ദ്.

റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോ​ഗ്യനില വഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാ‍ർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തിങ്കളാഴ്ച നടന്ന നിയമസഭയിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വിദ്യാർത്ഥികൾക്ക് നേരെ ജലപീരങ്കിയും കണ്ണീവാതകവും പ്രയോ​ഗിച്ച പൊലീസ്, ലാത്തിച്ചാ‌‍ർജും നടത്തി. നിരവധി വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാ‍ർത്ഥി പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച സഭ പിരിഞ്ഞിരുന്നു.

വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നരനായാട്ട് നടത്തിയെന്ന് ബിജെപി വിമർശിച്ചു. അതിനിടെ, ബിജെപി വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) മന്ത്രി സുദിവ്യ കുമാർ രം​ഗത്തെത്തി. സർക്കാരിൻ്റെ നിർദേശങ്ങൾ പ്രതിഷേധിക്കുന്ന വിദ്യാർ‌ത്ഥികൾ അം​ഗീകരിച്ചതാണെന്നും ബിജെപി പ്രതിഷേധത്തെ ഹൈജാക്ക് ചെയ്ത് വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാ‍ർത്ഥികൾക്കെതിരെ പൊലീസിനെ ഉപയോ​ഗിക്കുന്നത് തെറ്റാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും ചർച്ചകളിലൂടെ മാത്രമേ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയൂ എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ജാർഖണ്ഡ് പബ്ലിക് സ‍ർവീസ് കമ്മീഷൻ, ജാർഖണ്ഡ‍് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിൽ നടന്ന ക്രമക്കേടുകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നത്. ജാർഖണ്ഡ‍് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ റദ്ദാക്കണം, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം, റിക്രൂട്ട്മെൻ്റ് നടപടിക്രമങ്ങൾ പരിഷ്കരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. മൂന്ന് പരീക്ഷകൾ റദ്ദാക്കാമെന്ന സർക്കാർ വാഗ്ദാനം വിദ്യാ‍ർത്ഥികൾ സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാ‍ർത്ഥികൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റം, മൂന്നാഴ്ചയ്ക്കുള്ളിൽ നരേഷ് പാൽ ഗംഗ്വാറിന്റെ നിയമനം മരവിപ്പിച്ചു
ഓരോ മണിക്കൂറിലും 20 പേർ റോഡുകളിൽ മരിച്ചുവീഴുന്നു, യുദ്ധങ്ങളിൽ പോലും ഇത്രയും മരണം കാണാനാകില്ലെന്ന് നിതിൻ ഗഡ്കരി