
ദില്ലി: ഇന്ത്യയിലെ റോഡുകളിൽ ഓരോ മണിക്കൂറിലും 20 പേരുടെ ജീവൻ പൊലിയുന്നുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ റോഡുകൾ ഓരോ വർഷവും കവർന്നെടുക്കുന്ന അത്രയും ജീവനുകൾ യുദ്ധങ്ങളോ രോഗങ്ങളോ പോലും കവരുന്നില്ല. പ്രതിവർഷം ഇന്ത്യയിൽ അഞ്ച് ലക്ഷത്തോളം റോഡപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് 1.8 ലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. മരണപ്പെടുന്നവരിൽ 66 ശതമാനം പേരും യുവാക്കളാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ദില്ലിയിൽ നടന്ന റോഡ് സുരക്ഷാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി.
കഴിഞ്ഞ വർഷം മാത്രം, ഹെൽമറ്റ് ധരിക്കാത്തത് കാരണം 54,132 പേർക്ക് ജീവൻ നഷ്ടമായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി വെളിപ്പെടുത്തി. റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 45 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഓരോ മണിക്കൂറിലും 20 പേരാണ് നമ്മുടെ റോഡുകളിൽ മരിച്ചുവീഴുന്നത്. രോഗങ്ങളിലോ യുദ്ധങ്ങളിലോ പോലും ഇത്രയും വലിയ തോതിലുള്ള മരണം കാണാനാകില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡപകടങ്ങൾ ഓരോ വർഷവും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം മൂന്ന് ശതമാനത്തോളം ഇല്ലാതാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകടങ്ങൾ പതിയിരിക്കുന്ന, അശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത റോഡ് ഭാഗങ്ങൾ അഥവാ ബ്ലാക്ക് സ്പോട്ടുകൾ ആണ് മരണനിരക്ക് ഉയർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. ഇവ ഇല്ലാതാക്കാൻ സർക്കാർ 40,000 കോടി രൂപ ചെലവഴിക്കുകയാണ്. രാജ്യത്തുടനീളം അപകടങ്ങൾ കൂടുതലുണ്ടാകുന്ന 100 ജില്ലകൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ഇടപെടലുകൾ നടത്തിവരികയാണെന്നും ഗഡ്കരി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ റോഡ് ശൃംഖലയുള്ള രാജ്യമെന്ന പദവി ജപ്പാനെ മറികടന്ന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യമെന്ന നിർഭാഗ്യകരമായ പേരും ഇന്ത്യയ്ക്കാണെന്ന് പറഞ്ഞ മന്ത്രി, അച്ചടക്കമുള്ള സംവിധാനങ്ങളിലൂടെയും നിയമപാലനത്തിലൂടെയും റോഡപകട മരണങ്ങൾ പൂജ്യത്തിലേക്ക് എത്തിച്ച സ്വീഡൻ മാതൃകയും എടുത്തുപറഞ്ഞു. ആളുകളുടെ പെരുമാറ്റമാണ് നമ്മുടെ ഏറ്റവും വലിയ ബലഹീനതയായി തുടരുന്നതെന്നും റോഡിൽ ആളുകൾ എങ്ങനെ പെരുമാറുന്നു എന്നതിൽ മാറ്റം വരാതെ അടിസ്ഥാന സൗകര്യങ്ങളും നിയമപാലനവും കൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. സുരക്ഷിതമായ ശീലങ്ങൾ നേരത്തെ തന്നെ വളർത്തിയെടുക്കാൻ പാഠഭാഗങ്ങളിൽ റോഡ് സുരക്ഷ ഉൾപ്പെടുത്തിയ കാര്യവും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam