
ദില്ലി: ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനിലെ (ജെ പി എസ് സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ ബലം പ്രയോഗിക്കുന്നത് തെറ്റാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അവർക്ക് പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സംഭാഷണങ്ങളിലൂടെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ എന്നും, അതിനാൽ ജാർഖണ്ഡ് സർക്കാർ ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേട്ട് പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. നേരത്തെ ജാർഖണ്ഡിലെ പ്രതിഷേധത്തിൽ രാഹുൽ എന്ത് കൊണ്ട് മൗനം പാലിക്കുന്നുവെന്ന് ബി ജെ പി ചോദ്യമുയർത്തിയിരുന്നു. രാഹുലിന് സെലക്ടീവ് മൗനം എന്നും ബി ജെ പി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ പ്രതികരിച്ച് രംഗത്തെത്തിയത്.
അതിനിടെ ജെ പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവെച്ച മുൻ ചെയർമാൻ എൽ ഖിയാങ്‌ടെയെ സി ഐ ഡി അറസ്റ്റ് ചെയ്തു. ക്രമക്കേടിൽ അന്വേഷണം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 22 നായിരുന്നു ഇദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെച്ചത്. കേസുമായി ബന്ധപ്പെട്ട് കമ്മീഷനിലെ മറ്റ് മൂന്ന് അംഗങ്ങൾ കൂടി ഇന്നലെ രാജിവെച്ചിരുന്നു. അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തിലാണ് മുൻ ചെയർമാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഖിയാങ്‌ടെയെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ. അതേസമയം ജെ പി എസ് സിപരീക്ഷ ക്രമക്കേടിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രതിഷേധം അതിശക്തമാകുകയാണ്. നിയമ സഭയിലേക്ക് ഇന്ന് വിദ്യാർഥികൾ നടത്തിയ മാർച്ചില്‍ വലിയ തോതിൽ സംഘര്‍ഷം ഉണ്ടായിരുന്നു. നിരോധനാജ്ഞ മറികടന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ ബി ജെ പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam