ക്യാമ്പസിൽ പ്രേതബാധയുണ്ടെന്ന പ്രചാരണത്തെ തുടർന്ന് വൻ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പഞ്ചാബിലെ പാട്യാലയിലുള്ള സ്വകാര്യ യൂണിവേഴ്സിറ്റിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് പ്രതിഷേധം അരങ്ങേറിയത്.

പാട്യാല: ക്യാമ്പസിൽ പ്രേതബാധയുണ്ടെന്ന പ്രചാരണത്തെ തുടർന്ന് രാത്രിയിൽ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി വിദ്യാർത്ഥികൾ. പഞ്ചാബിലെ പാട്യാലയിലുള്ള സ്വകാര്യ യൂണിവേഴ്സിറ്റിയായ ചിത്കാര യൂണിവേഴ്സിറ്റിയിലാണ് വെള്ളിയാഴ്ച രാത്രി വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറിയത്. ക്യാമ്പസിൽ പ്രേതബാധയുണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ആണ് സംഭവം. യൂണിവേഴ്സിറ്റിക്ക് പുറത്ത് പ്രതിഷേധിച്ച വിദ്യാർത്ഥികൾ പൊലീസ് പട്രോൾ വാഹനം തകർത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് രംഗം ശാന്തമാക്കിയത്.

ക്യാമ്പസിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ പ്രേതം ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളെ പിന്തുടരുന്നുവെന്ന പ്രചാരണമാണ് പ്രതിഷേധത്തിനിടയാക്കിയത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് നിലവിളി ശബ്ദം കേട്ടതായും വിദ്യാർത്ഥികൾ അവകാശപ്പെട്ടു. പെൺകുട്ടികളുടെ ഹോസ്റ്റൽ 'പണ്ഡിറ്റ് ജി' (പൂജാരി) സന്ദർശിച്ചുവെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പെട്ടിരുന്നു.

എന്നാൽ ക്യാമ്പസിൽ പ്രേതബാധയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് യൂണിവേഴ്സിറ്റി അധികൃതർ വിശദീകരിച്ചു. ഹോസ്റ്റലിൽ ആരും ആത്മഹത്യ ചെയ്യുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ ആശുപത്രി വിട്ട വിദ്യാർത്ഥിയെ എത്തിക്കാൻ വേണ്ടിയാണ് ഹോസ്റ്റലിൽ ആംബുലൻസ് എത്തിയതെന്നും അധികൃതർ അറിയിച്ചു. ഹോസ്റ്റലിൽ പണ്ഡിറ്റ് ജി എത്തിയെന്നത് സത്യമാണെങ്കിലും അത് അദ്ദഹത്തിൻ്റെ മകളെ കാണാൻ എത്തിയതാണെന്നും യൂണിവേഴ്സിറ്റി അധികൃതർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Scroll to load tweet…

അതേസമയം രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതുസംബന്ധിച്ചു വിദ്യാർത്ഥികളുടെ പരാതി ലഭിച്ചു. എന്നാൽ ആരെയാണ് കാണാതായതെന്ന് വ്യക്തമല്ല. വിഷയത്തിൻ്റെ ​ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേ‍ർത്തു.