മഹാരാഷ്ട്രയിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയെ തുടർന്ന് 75 ശതമാനം പ്രദേശങ്ങളും വരൾച്ച ബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. മഴക്കുറവ് കാരണം വ്യാപകമായ വിളനാശം സംഭവിച്ചതോടെ കർഷകർ കടുത്ത ദുരിതത്തിലാണ്

മുംബൈ: അഞ്ച് വർഷത്തിനിടെയുളള ഏറ്റവും കൊടിയ വരൾച്ചയെ നേരിട്ട് മഹാരാഷ്ട്ര. സംസ്ഥാനത്തെ 75 ശതമാനം പ്രദേശവും വരൾച്ച ബാധിതമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പാടങ്ങൾ വരണ്ടുണങ്ങിയതോടെ കർഷകർ വ്യാപക വിളനാശമാണ് നേരിടുന്നത്. മഹാരാഷ്ട്രയുടെ നാലിൽ മൂന്ന് ഭാഗവും കടുത്തവരൾച്ചയിലെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മറാത്തവാഡയിലും വിദർഭയിലും കർഷകന്റെ കണ്ണീര് വീണുതുടങ്ങിയ ശേഷമാണ് സർക്കാർ പ്രഖ്യാപനം. ജൂണ്‍ മുതൽ സെപ്റ്റംബർ വരെ 18 ശതമാനത്തിലധികം മഴയുടെകുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ സോയബീൻ, ചോളം, പരുത്തി തുടങ്ങി ഖാരിഫ് വിളകളെല്ലാം നശിച്ചു.

കാത്തിരിക്കുന്നത് വിലക്കയറ്റമോ?

കർണാടക വരൾച്ച ബാധിതമെന്ന് പ്രഖ്യാപിച്ചപ്പോഴും മഹാരാഷ്ട്രയിൽ പ്രഖ്യാപനമുണ്ടായില്ല. ഇതോടെ പ്രതിപക്ഷവിമർശനം ശക്തമായി. പിന്നാലെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിമാരും വരൾച്ച ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി. മഹാരാഷ്ട്രയിൽ ട്രിഗർ വണ്‍ മാനദണ്ഡപ്രകാരം 358 താലൂക്കുകളിൽ 265 ലും വരൾച്ചാസമാന സാഹചര്യമെന്ന് വിലയിരുത്തി. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ കുടിവെളളമെത്തിക്കാനുളള ശ്രമങ്ങളുണ്ടാകുമെന്നും ഭൂനികുതി, വൈദ്യുതി ബില്ലുകൾ എന്നിവയിലെല്ലാം ഇളവുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ 80 ശതമാനത്തിലധികമുണ്ടായ വിളനാശം വിലകയറ്റത്തിന് കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്.