ജെഎന്‍യുവിന്‍റെ ഡിഎന്‍എ രാജ്യവിരുദ്ധം; നവീകരിക്കാനാകില്ലെങ്കില്‍ അടച്ചുപൂട്ടണം: ആര്‍എസ്എസ് സൈദ്ധാന്തികന്‍

By Web TeamFirst Published Jan 15, 2020, 3:38 PM IST
Highlights

1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ദിരഗാന്ധിയെ പിന്തുണച്ചു. അന്നവര്‍ ഒറ്റ ആവശ്യമാണ് ഉന്നയിച്ചത്. ഞങ്ങള്‍ക്ക് (കമ്മ്യൂണിസ്റ്റുകള്‍ക്ക്) ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് തരണമെന്ന്.

ചെന്നൈ: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിക്കെതിരെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി. ജെഎന്‍യുവിന്‍റെ ഡിഎന്‍എ എക്കാലത്തും രാജ്യവിരുദ്ധമായിരുന്നു. ജെഎന്‍യുവിനെ നവീകരിക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ചെന്നൈയില്‍ തുഗ്ലക് മാസികയുടെ 50ാം വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു ഗുരുമൂര്‍ത്തി. ഗുരുമൂര്‍ത്തിയാണ് തുഗ്ലക് ആഴ്ചപതിപ്പിന്‍റെ എഡിറ്റര്‍. 

ജെഎന്‍യു സ്ഥാപിച്ചതിന്‍റെ പശ്ചാത്തലം തന്നെ ഇന്ത്യ വിരുദ്ധമാണ്. രാജ്യത്തെ മഹാന്മാരെയും പൈതൃകത്തെയും പാരമ്പര്യത്തെയും ആത്മീയതയെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിനാണ് സര്‍വകലാശാല സ്ഥാപിച്ചത്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ദിരഗാന്ധിയെ പിന്തുണച്ചു. അന്നവര്‍ ഒറ്റ ആവശ്യമാണ് ഉന്നയിച്ചത്. ഞങ്ങള്‍ക്ക് (കമ്മ്യൂണിസ്റ്റുകള്‍ക്ക്) ഒരു വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് തരണമെന്ന്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന നൂര്‍ ഹസനാണ് ജെഎന്‍യുവിന്‍റെ പിറവിക്ക് പിന്നില്‍. പിന്നീട് ജെഎന്‍യു കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞു.

1982ല്‍ രാജ്യത്തിനെതിരെയും. അക്കാലത്ത് പൊലീസ് ക്യാമ്പസില്‍ കയറിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. 43 ദിവസമാണ് ക്യാമ്പസ് അടച്ചിട്ടത്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി ജെഎന്‍യുവിന്‍റെ ഡിഎന്‍എ രാജ്യവിരുദ്ധമാണ്. അക്കാര്യം എല്ലാവര്‍ക്കും അറിയാം. ജെഎന്‍യു നവീകരിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ അടച്ചുപൂട്ടണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രസംഗം.  

ജെഎന്‍യുവിനെതിരെ സംഘ്പരിവാര്‍-ബിജെപി നേതാക്കള്‍ നേരത്തെയും രംഗത്തുവന്നിരുന്നു. സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജെഎന്‍യുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കളും സംഘ്പരിവാര്‍ നേതാക്കളും ഉന്നയിച്ചത്. ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ നടി ദീപിക പദുകോണിനെതിരെയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 

click me!