ജെഎൻയു: പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചു, വിദ്യാർത്ഥികള്‍ക്കെതിരെ കേസ്

By Web TeamFirst Published Nov 17, 2019, 11:41 AM IST
Highlights

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്‍റെ പ്രതിമയും വൈസ് ചാൻസലറുടെ ഓഫീസും അലങ്കോലമാക്കിയെന്നായിരുന്നു അധികൃതരുടെ പരാതി. 

ദില്ലി: ജെഎൻയുവില്‍ ഫീസ് വര്‍ധനക്കെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പൊതുമുതൽ നശിപ്പിച്ചതിന് വിദ്യാർത്ഥികള്‍ക്കെതിരെ കേസ്. ജെഎന്‍യു അധികൃതരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്‍റെ പ്രതിമയും വൈസ് ചാൻസലറുടെ ഓഫീസും അലങ്കോലമാക്കിയെന്നായിരുന്നു അധികൃതരുടെ പരാതി. 

സംഭവത്തിന്‌ പിന്നിലെ ഏഴ് വിദ്യാർഥികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകും. വിദ്യാർത്ഥികളെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രതിഷേധിച്ചു.

സമരച്ചൂട് കുറയാതെ ജെഎന്‍യു; വിവേകാനന്ദ പ്രതിമക്കും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനും പെയിന്‍റടിച്ചു...

അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് മുഴുവന്‍ പെയിന്‍റടിച്ച വിദ്യാര്‍ത്ഥികള്‍ സ്വാമി വിവേകാന്ദന്‍റെ പ്രതിമക്കും പെയിന്‍റ് പൂശിയിരുന്നു. അനാഛാദനം ചെയ്യാത്ത പ്രതിമക്കാണ് പ്രതിഷേധത്തെ തുടര്‍ന്ന് പെയിന്‍റ് പൂശിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പൂര്‍ണമായി വഴങ്ങിയിട്ടില്ല. വര്‍ധിപ്പിച്ച ഫീസുകള്‍ മുഴുവന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചു.

click me!