
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ ദില്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'ഗൗതം ഗംഭീറിനെ കാണുന്നില്ല' എന്ന തരത്തിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. ദില്ലിയില്‍ ശ്വാസം പോലും ലഭിക്കാതെ ജനങ്ങള്‍ കഷ്ട്ടപെടുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി വിളിച്ച പാര്‍ലമെന്‍ററി പാനല്‍ യോഗത്തില്‍ ഗൗതം ഗംഭീര്‍ പങ്കെടുത്തിരുന്നില്ല.
ഇതിനെതിരെ വലിയ വിമര്‍ശനമാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിച്ചത്. ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ എംപിയാണ് ഗൗതം ഗംഭീര്‍. പാര്‍ലമെന്‍ററി സമിതിയില്‍ അംഗങ്ങളായ 28 എംപിമാരില്‍ നാലുപേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ എംസിഡി, ഡിഡിഎ ഉദ്യോഗസ്ഥരില്‍ പലരും യോഗത്തിനെത്തിയില്ല.
ഇതോടെയാണ് പ്രശ്നം കൂടുതല്‍ രൂക്ഷമായത്. ഇതിനിടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗംഭീര്‍ ഇന്‍ഡോറില്‍ ജിലേബി കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതും സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി.
എന്നാല്‍, പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ വിലയിരുന്നതെന്നും അല്ലാതെ പ്രാചരണങ്ങളിലൂടെയല്ലെന്നുമാണ് വിമര്‍ശനങ്ങളോട് ഗംഭീര്‍ പ്രതികരിച്ചത്. ഗൗതം ഗംഭീറിനെ കണ്ടവരുണ്ടോ? അവസാനമായി ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജിലേബി കഴിക്കുന്ന ഗംഭീറിനെയാണ് കണ്ടത്. ദില്ലി മുഴുവന്‍ അദ്ദേഹത്തെ തേടുകയാണെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam