കൊവിഡ് പരത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

By Web TeamFirst Published Apr 5, 2020, 11:08 AM IST
Highlights

ജെഎന്‍യു ലോ ആന്‍ഡ് ഗവണന്‍സ് എംഫില്‍ വിദ്യാര്‍ത്ഥിയാണ് പ്രണവ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

ദില്ലി: ചുമച്ച് കൊവിഡ് രോഗം പരത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. എന്നാല്‍, വാര്‍ഡന്റെ അനുമതിയോടെ അടിയന്തര കാര്യത്തിനാണ് പുറത്തിറങ്ങിയതെന്നും പൊലീസ് കള്ളക്കേസാണ് ചുമത്തിയതെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. പ്രണവ് മേനോന്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥി പുറത്തിറങ്ങിയത്. നോര്‍ത്ത് ഗേറ്റ് വിട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശമെന്നും വിദ്യാര്‍ത്ഥി അനുസരിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ അറിയിച്ചപ്പോള്‍ ചുമച്ച് കൊറോണ പരത്തുമെന്ന് വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാര്‍ പറഞ്ഞു.  

വിദ്യാര്‍ത്ഥിയെ ഉള്ളിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ മാസ്‌ക് മാറ്റി വിദ്യാര്‍ത്ഥി ചുമച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം, തന്നെ അകാരണമായി വാഴ്‌സിറ്റി അധികൃതര്‍ ലക്ഷ്യം വെക്കുകയാണെന്ന് വിദ്യാര്‍ത്ഥി പൊലീസിന് പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് സുരക്ഷാ ജീവനക്കാരുടെ ശ്രമമെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. വാര്‍ഡനില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് പുറത്തിറങ്ങിയതെന്നും തിരികെ ഹോസ്റ്റലിലേക്ക് വരില്ലെന്ന് സുരക്ഷാ ജീവനക്കാരെ അറിയിച്ചെന്നും വിദ്യാര്‍ത്ഥി ആവര്‍ത്തിച്ചു.

ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര: ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

തന്റെ സുഹൃത്ത് അസുഖബാധിതനായി വീട്ടില്‍ കഴിയുകയാണ്. പരിചരിക്കാന്‍ ആരുമില്ല. അതുകൊണ്ടാണ് പുറത്തിറങ്ങിയതെന്നും ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. ജെഎന്‍യു ലോ ആന്‍ഡ് ഗവണന്‍സ് എംഫില്‍ വിദ്യാര്‍ത്ഥിയാണ് പ്രണവ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ ജീവനക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു.


 

click me!