
ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ അക്രമം നടത്തിയ എബിവിപി പ്രവര്‍ത്തകരുടെ പേരുകള്‍ പുറത്തുവിട്ട് വിദ്യാർത്ഥി യൂണിയന്‍. എബിവിപിക്കാര്‍ക്ക് വേണ്ടിയാണ് കേസ് അന്വേഷിക്കുന്നത് എന്നതു പോലെയായിരുന്നു ദില്ലി പൊലീസിന്‍റെ വാര്‍ത്താസമ്മേളനമെന്ന് വിദ്യാർത്ഥി യൂണിയന്‍ ആരോപിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് വിദ്യാർത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് ആരോപിച്ചു. ഹോസ്റ്റലിലുള്ളവരുടെ അവസ്ഥ നോക്കാനാണ് താനുൾപ്പെടെയുള്ളവർ ഹോസ്റ്റലിൽ പോയത്. ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരോ പൊലീസോ അവിടെ ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് ഗുണ്ടകൾ വന്ന് ആക്രമിക്കുകയായിരുന്നു. പൊലീസ് കള്ളം പ്രചരിപ്പിക്കുകയാണ്.
പൊലിസും എബിവിപിയും സര്‍വ്വകലാശാല അഡ്മിനിസ്ട്രേഷനും ഒത്തു കളിച്ചു. അഞ്ചാം തീയതി സെർവർ ഡൗണായിരുന്നു എന്ന് പറയുന്നത് കള്ളമാണ്. ഇത് സംബന്ധിച്ച് തെളിവുകളുണ്ടെന്നും ഐഷി പറഞ്ഞു. പഴയ ഫീസ് ഘടന വച്ച് സെമസ്റ്റർ രജിസ്ട്രേഷന് തയ്യാറാണെന്നും വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.
ജെഎൻയുവിലെ സബര്‍മതി ഹോസ്റ്റലിൽ അക്രമം നടത്തിയ സംഘത്തിലെ പെണ്‍കുട്ടി ദില്ലി സര്‍വ്വകലാശാലയിലെ എബിവിപി പ്രവര്‍ത്തക കോമൾ ശര്‍മ്മയാണെന്നാണ് ആരോപണം. അക്രമി സംഘത്തിലെ ഭൂരിഭാഗം പേരും ജെഎൻയുവിന് പുറത്തുള്ള എബിവിപി പ്രവര്‍ത്തകരാണെന്ന വിവരം ഒരു ഇംഗ്ളീഷ് ചാനൽ പുറത്തുവിട്ടു. എന്നാൽ അക്രമി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച് ഇന്നലെ പൊലീസ് പുറത്തുവിട്ട 9 ചിത്രങ്ങളിലെ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയൻ പ്രതിനിധികളും രണ്ടുപേര്‍ ജെ.എൻ.യുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമായിരുന്നു. കുറ്റക്കാരെ പിടികൂടാതെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആരോപണം.
അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകൾ പുറത്തുവന്നിരുന്നു. ഇതിലെ പലരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ആരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ചമുതൽ ക്ളാസുകൾ തുടങ്ങുമെന്ന് വൈസ് ചാൻസിലര്‍ ജഗദീഷ്കുമാര്‍ അറിയിച്ചിരുന്നു. ഒരു വിഭാഗം വിദ്യാര്‍ത്ഥികളുമായി വിസികൂടിക്കാഴ്ച നടത്തുകയും ചെയ്തു. പഴയ ഫീസെങ്കിൽ മാത്രം സഹകരിക്കാം എന്നാണ് വിദ്യാര്‍ത്ഥി യൂണിന്‍റെ നിലപാട്. ഹോസ്റ്റൽ യൂട്ടിലിറ്റി ചാര്‍ജും സര്‍വ്വീസ് ചാര്‍ജ്ജും റദ്ദാക്കാൻ ഇന്നലെ മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിൽ ധാരണയായിരുന്നു. എന്നാൽ ഹോസ്റ്റൽ ഫീസ് കുറക്കാൻ തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam