ദില്ലി: ജെഎൻയു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് പുറത്തുവിട്ട പ്രതിപ്പട്ടികയിൽ ഏഴ് പേരും ഇടത് വിദ്യാര്‍ത്ഥി സംഘടനകളിലുള്ളവര്‍. വെറും രണ്ട് പേര്‍ മാത്രമാണ് എബിവിപി പ്രവര്‍ത്തകര്‍. ജനുവരി ഒന്ന് മുതൽ ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ തടസപ്പെടുത്താനുള്ള തീരുമാനമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഘര്‍ഷത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ സഹിതമാണ് ദില്ലി പൊലീസ് വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.

അതേസമയം ദില്ലി പൊലീസിൽ വിശ്വാസമില്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ പ്രതികരണം. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. തെറ്റ് ചെയ്തിട്ടില്ല. വൈസ് ചാൻസലര്‍ എബിവിപി പ്രവര്‍ത്തകനെ പോലെയാണ് പെരുമാറുന്നത്. തെറ്റ് ചെയ്യാത്തത് കൊണ്ട് ഭയമില്ലെന്നും ഐഷി പ്രതികരിച്ചു. ഐഷി ഘോഷിനെയും ദില്ലി പൊലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിൽ ചേര്‍ത്തിട്ടുണ്ട്.

ജനുവരി അഞ്ചിന് പെരിയാര്‍ ഹോസ്റ്റൽ, സബര്‍മതി ടീ പോയിന്റ് എന്നിവിടങ്ങളിൽ വിദ്യാര്‍ത്ഥികൾ ആക്രമിക്കപ്പെട്ടെന്ന് ദില്ലി പൊലീസ് പറഞ്ഞു. പുറത്തുനിന്നുള്ളവരാണ് അക്രമത്തിൽ പങ്കെടുത്തവരിൽ അധികവും. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അന്വേഷണ സംഘം നേരിട്ട് കണ്ടുവെന്നും വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. അക്രമത്തിന് വേണ്ടി മാത്രം വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചു. അക്രമികൾക്ക് വഴികാട്ടിയായത് ഈ വാട്സ്ആപ്പ് ഗ്രൂപ്പാണെന്നും പൊലീസ് പറഞ്ഞു. യൂണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരെന്നും നാല് പേരായിരുന്നു ഇതിന്റെ അഡ്മിൻമാരെന്നും ദില്ലി പൊലീസ് പറഞ്ഞു.