ജെഎൻയു: വിസിയെ മാറ്റില്ല, സെമസ്റ്റര്‍ രജിസ്ട്രേഷൻ നീട്ടാൻ സാധ്യത; മൂന്ന് അധ്യാപകര്‍ ഹൈക്കോടതിയിലേക്ക്

Web Desk   | Asianet News
Published : Jan 10, 2020, 01:29 PM IST
ജെഎൻയു: വിസിയെ മാറ്റില്ല, സെമസ്റ്റര്‍ രജിസ്ട്രേഷൻ നീട്ടാൻ സാധ്യത; മൂന്ന് അധ്യാപകര്‍ ഹൈക്കോടതിയിലേക്ക്

Synopsis

വിദ്യാര്‍ത്ഥികളുമായി കൂടുതൽ ചര്‍ച്ച നടത്താൻ വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിര്‍ദ്ദേശിച്ചു ജെഎൻയു അധികൃതരുടെ ഒത്താശയോടെ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നാരോപിച്ചാണ് അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്

ദില്ലി: ജെഎൻയു വിഷയത്തിൽ വൈസ് ചാനസലര്‍ ജഗദീഷ് കുമാറുമായി മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേര നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് ധാരണയായത്. വിദ്യാര്‍ത്ഥികൾ മൂന്ന് മാസമായി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട്, സെമസ്റ്റര്‍ രജിസ്ട്രേഷൻ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാൻ തീരുമാനമായി. വിദ്യാര്‍ത്ഥികളുമായി കൂടുതൽ ചര്‍ച്ച നടത്താൻ വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിര്‍ദ്ദേശിച്ചു.

അതേസമയം ജെഎൻയുവിൽ വൻ സംഘര്‍ഷം നടന്ന ജനുവരി അഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് അധ്യാപകര്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. കലാപത്തിന് വഴിയൊരുക്കിയ വാട്സപ്പ് ഗ്രുപ്പുകളിലെ തെളിവുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടും. ജെഎൻയു അധികൃതരുടെ ഒത്താശയോടെ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നാരോപിച്ചാണ് അധ്യാപകരുടെ ഈ നീക്കം.

ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥി യൂണിയൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികൾ. അതേസമയം ഫീസ് വര്‍ധന, സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളിൽ എതിര്‍പ്പുന്നയിച്ച് ഇന്ന് വിദ്യാര്‍ത്ഥി യൂണിയൻ ജെഎൻയുവിലെ സബര്‍മതി ധാബയ്ക്ക് സമീപം പ്രതിഷേധ പരിപാടി തീരുമാനിച്ചിട്ടുണ്ട്. മനുഷ്യച്ചങ്ങല തീര്‍ക്കാനാണ് തീരുമാനം. ഇതേ ഇടത്ത് അഞ്ച് മണിക്ക് ഫീസ് വര്‍ധനവിനെ അനുകൂലിച്ച് എബിവിപിയും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ജെഎൻയു വിഷയത്തിൽ ഇന്നലെ നടന്ന ചര്‍ച്ചയിൽ മന്ത്രാലയ സെക്രട്ടറിയോട് വിദ്യാര്‍ത്ഥികൾ വിസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാര്‍ത്ഥികൾ ഉന്നയിക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കേന്ദ്രം മുൻഗണന കൊടുത്തത്. എന്നാൽ തന്റെ തലയടിച്ച് പൊട്ടിച്ചതിന് ചര്‍ച്ചയിലൂടെ അല്ല പരിഹാരം കാണേണ്ടതെന്ന ഉറച്ച നിലപാട് വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് മന്ത്രാലയം സെക്രട്ടറി അമിത് ഖേരയോട് പറ‌ഞ്ഞു. ചര്‍ച്ചയിൽ പങ്കെടുത്ത അധ്യാപക യൂണിയനും വിദ്യാര്‍ത്ഥികളുടെ അതേ നിലപാടായിരുന്നു. മറ്റ് വിഷയങ്ങളിൽ ചര്‍ച്ചയാവാമെന്നും എന്നാൽ വിസിയെ മാറ്റണമെന്ന കാര്യത്തിൽ ഒരു നീക്കുപോക്കിനുമില്ലെന്നുമാണ് അധ്യാപക യൂണിയനും നിലപാടെടുത്തത്. ചര്‍ച്ച പക്ഷെ പരാജയപ്പെട്ടു.

തൊട്ടുപിന്നാലെ കേന്ദ്രസര്‍ക്കാരിനെ കൂടുതൽ സമ്മര്‍ദ്ദത്തിലാക്കി ദില്ലിയിൽ ജെഎൻയു വിദ്യാര്‍ത്ഥികൾ സമര പരമ്പര തന്നെ നടത്തി. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികൾ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇവര്‍ നേരെ കൊണാട്ട്പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. വീണ്ടും ഇവരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ഗ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ഉണ്ടായി. എല്ലാവരെയും പൊലീസ് വിട്ടയച്ചപ്പോൾ വിദ്യാര്‍ത്ഥികൾ നേരെ രാജീവ് ചൗക്കിലേക്ക് പ്രതിഷേധം നടത്തി. പൊലീസ് ആവശ്യപ്പെട്ടിട്ടും പിന്മാറാൻ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികൾ പിന്നീട് സ്വമേധയാ പിരിഞ്ഞുപോവുകയായിരുന്നു. 

അതേസമയം ഈ സംഭവങ്ങൾക്കിടയിൽ പെൺകുട്ടികളെയടക്കം പൊലീസ് മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. സമരം ഇന്നും തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിസിയുമായി അമിത് ഖേര നടത്തുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിദ്യാര്‍ത്ഥികൾ ശക്തമായ സമരങ്ങളിലേക്ക് കടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ