ജെഎന്‍യു: മുഖംമൂടി അക്രമികളെക്കുറിച്ച് സൂചന ലഭിച്ചു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

By Web TeamFirst Published Jan 8, 2020, 7:08 PM IST
Highlights

ആക്രമി സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.  

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍. മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ആക്രമിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. അവരെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ആക്രമി സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.  

ഞായറാഴ്ച രാത്രിയാണ് ജെഎന്‍എയു ക്യാമ്പസില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണമഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷുള്‍പ്പെടെ അധ്യാപകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ എബിവിപിയാണെന്ന്  ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. എസ്എഫ്ഐക്കെതിരെ ആരോപണവുമായി എബിവിപിയും രംഗത്തെത്തി. അതേസമയം, ആക്രമണങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍ എന്ന സംഘ്പരിവാര്‍ സംഘടനയും രംഗത്തുവന്നു. ക്യാമ്പസില്‍ നടന്ന ആക്രമ സംഭവങ്ങളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരം ദീപികാ പാദുകോണ്‍ എത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടി. 
 

click me!