Latest Videos

ഇറാൻ - യുഎസ് സംഘർഷം: മുൻകരുതലും സമാധാന ശ്രമങ്ങളുമായി ഇന്ത്യ; നീക്കങ്ങൾ ഇങ്ങനെ

By Web TeamFirst Published Jan 8, 2020, 7:03 PM IST
Highlights

ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യമാണെങ്കിൽ ഇന്ത്യ ഏത് പക്ഷത്ത് നിൽക്കും എന്നതല്ല, മറിച്ച് ഇന്ത്യാക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ എന്ത് ചെയ്യാനാവും എന്നതാണ് പ്രധാനം.

ദില്ലി: ഇറാനും അമേരിക്കയും പോകുന്നത് അടുത്ത യുദ്ധത്തിലേക്കാണോ എന്ന ഭീതിനിറഞ്ഞ ചോദ്യമാണ് ലോകത്താകമാനം ഉയർന്നുനിൽക്കുന്നത്. ഖാസിം സൊലൈമാനിയും വധത്തിന് പകരമായി ഇറാൻ 80 അമേരിക്കൻ സൈനികരുടെ ജീവനെടുത്തെന്ന വാർത്തകളും പുറത്തുവന്നു. ലോകരാഷ്ട്രങ്ങളെല്ലാം സ്ഥിതിഗതികൾ സാകൂതം വീക്ഷിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് തൊഴിലിനായി കുടിയേറിയ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അമേരിക്കയിലുള്ള ഇന്ത്യാക്കാരുടെ കാര്യവും തുല്യ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യമാണെങ്കിൽ ഇന്ത്യ ഏത് പക്ഷത്ത് നിൽക്കും എന്നതല്ല, മറിച്ച് ഇന്ത്യാക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ എന്ത് ചെയ്യാനാവും എന്നതാണ് പ്രധാനം.

കേന്ദ്രസർക്കാരിന് മുന്നിൽ ഇപ്പോഴുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യവും ഇത് തന്നെയാണ്. അതിനാൽ തന്നെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളാവുമ്പോൾ അത് അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.

ഇറാഖിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

ഇറാൻ-യുഎസ് ബന്ധം യുദ്ധത്തിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന സംശയം കൂടുതൽ ശക്തമായ സാഹചര്യത്തില്‍, ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യമല്ലെങ്കിൽ യാത്ര മാറ്റിവയ്ക്കണം എന്നാണ് ആവശ്യം. ഇറാന്‍റെ പ്രത്യാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യന്ത്രി എസ്. ജയശങ്കര്‍ ഇറാൻ വിദേശകാര്യമന്ത്രിയുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായും സംസാരിച്ചു. 

ഇറാഖിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. ഇവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും  രാജ്യത്തിനകത്തെ സഞ്ചാരം ഒഴിവാക്കാനുമാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ബാഗ്‍ദാദിലെ ഇന്ത്യന്‍ എംബസിയും ഇര്‍ബിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാധാരണ നിലയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും.

വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഇറാൻ-അമേരിക്ക ബന്ധം കൂടുതൽ അപകടകരമായ പാതയിലേക്ക് നീങ്ങിയതോടെ ഗൾഫ് മേഖലയിലൂടെയുള്ള സർവ്വീസുകൾ ഒഴിവാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇറാഖിന്‍റേയും ഇറാന്‍റേയും വ്യോമപാതയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചത്.  

ഈ നിർദ്ദേശം വരുന്നതിന് മുൻപ് തന്നെ ഇറാന്റെ വ്യോമപാതയിലൂടെയുള്ള യാത്രകൾ സിംഗപ്പൂർ ഏയർലൈൻസ് റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഇറാൻ-ഇറാഖ് തുടങ്ങിയ ഗൾഫ് മേഖലയിലുള്ള രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കി. ഇതോടെ ഇവരുടെ വിമാനങ്ങൾ 40 മിനിറ്റോളം അധികം യാത്ര ചെയ്യേണ്ടി വരും എന്നാണ് വിലയിരുത്തൽ.

തിരിച്ചടി നേരിട്ട് ഇന്ത്യൻ രൂപ

സൊലൈമാനിയുടെ വധത്തിന് ഇറാൻ തിരിച്ചടിയിലൂടെ മറുപടി നൽകിയത് വ്യക്തമായി പ്രതിഫലിച്ച ഒരിടം ഏഷ്യൻ വിപണികളായിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ വിപണിയായ ഇന്ത്യയ്ക്ക് ഈ ആക്രമണം തിരിച്ചടിയായി. ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 20 പൈസ ഇടിഞ്ഞ് 72.02 ലെത്തി.

പ്രാദേശിക യൂണിറ്റില്‍ രൂപ ഡോളറിനെതിരെ ചൊവ്വാഴ്ച 71.82 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇറാൻ തിരിച്ചടിച്ചതോടെ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 1.32 ശതമാനം ഉയർന്ന് 69.17 യുഎസ് ഡോളറിലെത്തി. ഇന്ത്യയുടെ ജിഡിപി വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രധാനമായും നിർമ്മാണ, നിർമാണ മേഖലകളിലെ മോശം പ്രകടനമാണ് ഇതിന് കാരണമെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഇറാനെയും അമേരിക്കയെയും ആശങ്കയറിയിച്ച് ഇന്ത്യ

ഇറാനും അമേരിക്കയും തമ്മിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ, പശ്ചിമേഷ്യൻ മേഖലയിലെ സമാധാനസ്ഥിതിയിൽ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ജീവൻ പോലെ തന്നെ സാമ്പത്തിക രംഗവും, യുദ്ധമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം ഇന്ത്യയെ സംബന്ധിച്ച് ആശങ്ക വർധിപ്പിക്കുന്നു. അതിനാൽ തന്നെ തങ്ങളുടെ ആശങ്ക ഇറാനെയും അമേരിക്കയെയും ഇന്ത്യ അറിയിച്ചു.

ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സാരിഫുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ സംസാരിച്ചു. സ്ഥിതി വഷളാവാതെ നോക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് അനുഭാവപൂർണ്ണമാണ് ഇറാൻ പ്രതികരിച്ചത്.  എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടാണ് ഇന്ത്യയെയും വിഷയത്തിൽ സമാധാനത്തിന് ശ്രമിക്കുന്ന മറ്റ് ലോകരാഷ്ട്രങ്ങൾക്കും വിലങ്ങുതടിയാകുന്നത്. സമാധാന ശ്രമങ്ങൾക്ക് പിന്തുണ തേടിയും മറ്റ് സുരക്ഷാ മുൻകരുതലുകൾക്കായും ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് അലവിയോടും, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്യിദ് ബിൻ സുൽത്താൻ അൽ നഹ്യാനുമായും എസ് ജയ്‍ശങ്കർ സംസാരിച്ചു. 

ഇറാനും അമേരിക്കയും തമ്മിലെന്ത്?

2016-ൽ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മുൻഗാമിയായ ബരാക് ഒബാമ കഷ്ടപ്പെട്ട് യാഥാർത്ഥ്യമാക്കിയ ഇറാനുമായുള്ള ആണവക്കരാർ ഏകപക്ഷീയമായി റദ്ദാക്കുകയാണ് ചെയ്തത്. പകരം, ഇറാന്‍റെ അയൽരാജ്യമായ ഇറാഖിൽ സൈനികവിന്യാസം കൂട്ടുക, ഉപരോധങ്ങൾ ഏർപ്പെടുത്തുക, ആക്രമണം നടത്തുക എന്നീ പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും ചെയ്തു. 

പലപ്പോഴും, ഈ മേഖലയിലെ അമേരിക്കൻ - ഇറാനിയൻ സംഘർഷം കത്തിമുനയിലായിരുന്നു. പേർഷ്യൻ ഗൾഫിൽ ഓയിൽ ടാങ്കറുകളെ ഇറാൻ ആക്രമിച്ചു. അമേരിക്കൻ ഡ്രോണിനെ വെടിവച്ച് വീഴ്ത്തി. പലപ്പോഴും അമേരിക്ക ശക്തമായ രീതിയിൽ ഇറാനിൽ കയറി തിരിച്ചടിക്കുമെന്ന പ്രതീതി ഉണ്ടായി. ജൂണിൽ അവസാനനിമിൽമാണ്, ഇറാനിലേക്കുള്ള വ്യോമാക്രമണം ട്രംപ് വേണ്ടെന്ന് വച്ചത്.

അവസാനദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, പ്രത്യേകിച്ച് ഇറാഖിൽ ഒരു അമേരിക്കൻ കോൺട്രാക്റ്ററുടെ മരണത്തിന് ഇടയാക്കിയ റോക്കറ്റ് ആക്രമണം, ഇറാന്‍റെ പിന്തുണയോടെ ഇറാഖി സേന ബാഗ്ദാദിനെ അമേരിക്കൻ എംബസിയിൽ നടത്തിയ ആക്രമണം, ഇപ്പോൾ കാസിം സൊലേമാനിയെ കൊന്ന് അമേരിക്ക നടത്തിയ തിരിച്ചടി - അമേരിക്കയുടെ അവസാനനീക്കം ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന സൂചനയാണ് വരുന്നത്.

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി ഉപയോഗിക്കുമ്പോൾ, ഡെമോക്രാറ്റുകൾ യുദ്ധം വന്നാലുണ്ടാകുന്ന പ്രത്യാഘാതം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുന്നു.

ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ഇന്ത്യൻ സാമ്പത്തിക ഘടന അതീവ ദുർബലമായിരിക്കുമ്പോഴാണ്, ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് പോകുന്നത്. ഈ സമയത്ത് ഒരു യുദ്ധവും പ്രതിസന്ധിയും ഇന്ത്യക്ക് താങ്ങാവുന്നതല്ല. ജിഡിപി കുത്തനെ താഴേക്ക് പോയ സ്ഥിതിയാണ്. ഈ കാലത്ത്, എണ്ണവില കുത്തനെ കൂടുന്നതോ, സ്വർണവില കുത്തനെ ഉയരുന്നതോ, മിഡിൽ ഈസ്റ്റിൽ നിന്നടക്കമുള്ള ഇന്ത്യക്കാരുടെ നിക്ഷേപമോ പണമൊഴുക്കോ കുറയുകയോ ചെയ്താൽ ഇന്ത്യ ശരിക്ക് കുരുക്കിലാകും.

എൺപത് ലക്ഷം ഇന്ത്യക്കാരാണ് പശ്ചിമേഷ്യയിൽ കഴിയുന്നത്. ഇവിടെ ഒരു യുദ്ധമുണ്ടായാൽ ഇത്രയധികം പേരുടെ സുരക്ഷ തുലാസ്സിലാകും എന്നതാണ് ആദ്യത്തെ ആശങ്ക. 1990-ലെ ഇറാഖ് യുദ്ധകാലത്ത് ഒരു ലക്ഷത്തിപ്പതിനായിരം പേരെയാണ് ഇന്ത്യക്ക് തിരികെ വിമാനങ്ങളിൽ കൊണ്ടുവരേണ്ടി വന്നത്. അതുപോലെ ഒരു സാഹചര്യമുണ്ടാകാതിരിക്കാനാണ് ഇന്ത്യ ജാഗ്രതയോടെ തുടരുന്നത്.

ഇനി യുദ്ധമുണ്ടായില്ലെങ്കിലും, കാലങ്ങളായി മേഖലയിൽ സംഘർഷം തുടർന്നാൽ ഇവിടത്തെ ഇന്ത്യക്കാരുടെ ജോലി തടസ്സപ്പെടും. സൗദി അടക്കമുള്ള രാജ്യങ്ങളിലെ സ്വദേശിവത്കരണം കൊണ്ടുള്ള ആഘാതത്തിൽ നിന്ന് ഇന്ത്യ ഇതുവരെ മോചിതയായിട്ടില്ല. ഇന്ത്യയിലേക്കുള്ള പൗരൻമാരുടെ നിക്ഷേപങ്ങളിൽ അമ്പത് ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ്. ഇത് മുഴുവൻ കയ്യിൽ നിന്ന് പോയാൽ, ഇന്ത്യ കുഴങ്ങും.

എണ്ണവിലയാണ് മറ്റൊന്ന്. സൊലേമാനിയെ കൊന്നതിന് പിന്നാലെ എണ്ണവില അന്താരാഷ്ട്രതലത്തിൽ കുതിച്ചുയർന്നത് നാല് ശതമാനമാണ്. ഇത് രാജ്യത്തെ പെട്രോൾ - ഡീസൽ വിലയെയും ബാധിക്കും.
 

click me!