Asianet News MalayalamAsianet News Malayalam

'ചുറ്റികയെടുത്ത് തല അടിച്ചു പൊളിക്കാൻ ശ്രമം, വാക്കുകൾ കൊണ്ട് നേരിടും', ഐഷി ഘോഷ്

ക്യാമ്പസിനകത്ത് അജ്ഞാതരായ നിരവധി പേരുണ്ടെന്നും, സുരക്ഷാ ഭീഷണിയുള്ളതിനാൽ ഇടപെടണമെന്നും ദില്ലി പൊലീസിനോട് ഉച്ച മുതൽ പറഞ്ഞെങ്കിലും കേട്ടില്ലെന്ന് ഐഷി. 

aishe ghosh press conference after jnu attack against students in campus
Author
JNU Campus Road, First Published Jan 6, 2020, 6:42 PM IST

ദില്ലി: ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ്. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് എയിംസിൽ ചികിത്സയിലായിരുന്ന ഐഷി, ഇരുപത്തിനാല് മണിക്കൂറിനകം തിരികെ ക്യാമ്പസിലെത്തി സമരം നയിച്ചു. ഐഷിയുടെ നെറ്റിയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അക്രമികൾ തല്ലിയതിൽ തലയ്ക്ക് ആഴമേറിയ മുറിവുണ്ട്. 

''ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ആളുകളെ തെരഞ്ഞ് പിടിച്ചാണ് ആക്രമിച്ചത്. ബിജെപി പ്രവർത്തകരല്ലാത്തവരെ തെരഞ്ഞുപിടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ചുറ്റികയും ഇരുമ്പുദണ്ഡും അടക്കമുള്ള മാരകായുധങ്ങളുമായാണ് അവരെല്ലാവരും എത്തിയത്. ജെഎൻയു സെക്യൂരിറ്റിയും അക്രമികളും തമ്മിൽ കൃത്യമായ ബന്ധമുണ്ട്. മാത്രമല്ല, അക്രമം അവസാനിപ്പിക്കാൻ അവർ ഇടപെട്ടില്ലെന്നത് വ്യക്തമാണ്'', ഘോഷ് ആരോപിച്ചു.

''കഴിഞ്ഞ 4 മുതൽ 5 ദിവസങ്ങളായി ചില ആ‌ർഎസ്എസ് അനുകൂല അധ്യാപകരും ഞങ്ങളുടെ സമരം പൊളിയ്ക്കാനായി ശ്രമം നടത്തുന്നുണ്ടായിരുന്നു. അവരും അക്രമികളെ അകത്ത് കയറാനും ആക്രമിക്കാനും സഹായിച്ചിട്ടുണ്ട്. ജെഎൻയു സെക്യൂരിറ്റിയോടോ ദില്ലി പൊലീസിനോടോ അല്ലാതെ ഞങ്ങളാരോടാണ് സുരക്ഷ ആവശ്യപ്പെടേണ്ടത്? അത് അവരുടെ ഔദാര്യമാണോ? ഉത്തരവാദിത്തമല്ലേ?'', ഐഷി ചോദിക്കുന്നു.

'ക്യാമ്പസിൽ അജ്ഞാതരുണ്ടെന്ന് പറഞ്ഞു, പൊലീസ് അനങ്ങിയില്ല'

ഞായറാഴ്ച അജ്ഞാതരായ പലരെയും ക്യാമ്പസിന് അകത്ത് കാണുന്നുണ്ടെന്നും, ഇടപെടണമെന്നും ഗേറ്റിന് പുറത്തുള്ള പൊലീസിനോട് പല തവണ പറഞ്ഞെങ്കിലും പൊലീസ് ഇടപെട്ടില്ലെന്ന് ഐഷി വ്യക്തമാക്കിയിരുന്നു. വൈസ് ചാൻസലറായ ജഗദീഷ് കുമാറിന് ഇതിൽ പങ്കുണ്ടെന്നും, വിസി ഉടൻ രാജിവയ്ക്കണമെന്നും ഐഷി ആവശ്യപ്പെട്ടു.

ജെഎൻയു ക്യാമ്പസിൽ സർവകലാശാലയിലെ അധ്യാപകരുടെ സംഘടനയായ ജെനുട്ട (JNUTA)യും വിദ്യാർത്ഥികളും ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായ ഒരു ധർണ തുടങ്ങിയിരുന്നു. പരിപാടി തുടങ്ങി മിനിറ്റുകൾക്കകമാണ് വലിയ അക്രമം ക്യാമ്പസിനകത്ത് നടന്നത്. ''സബർമതി ഹോസ്റ്റലിനടുത്ത് വച്ച് മുഖംമൂടി ധരിച്ച ഗുണ്ടകളെത്തി ഞ‌ങ്ങളെ ആക്രമിക്കാൻ തുടങ്ങി. ഇരുമ്പ് ദണ്ഡുകൾ കൊണ്ടും ചുറ്റികകൾ കൊണ്ടും അവർ ഞങ്ങളെ ആക്രമിക്കുകയായിരുന്നു'', ഐഷി പറയുന്നു. 

ആക്രമണത്തിന് ശേഷം, തലയിൽ മുഴുവൻ രക്തമൊഴുകുന്ന നിലയിൽ ഐഷി സുഹൃത്തുക്കളുടെ മൊബൈൽ ഫോൺ വഴി പകർത്തിയ, സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ''എന്നെ ഒരു സംഘം ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. മുഖംമൂടി ധാരികളാണ് ആക്രമണം നടത്തിയത്. തലയിൽ നിന്ന് ചോരയൊഴുകുകയാണ്. എനിക്ക് ഇപ്പോൾ സംസാരിക്കാൻ പറ്റിയ അവസ്ഥയല്ല'', എന്ന് ഐഷി വീഡിയോയിൽ പറയുന്നത് കേൾക്കാമായിരുന്നു.

അധ്യാപികയായ സുചരിത സെൻ അടക്കമുള്ളവർക്കും നിരവധി വിദ്യാർത്ഥികൾക്കുമാണ് രാത്രി നടന്ന ആക്രമണത്തിൽ പരിക്കേറ്റത്. ഇരുപത് വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് എയിംസ്, സഫ്ദർജംഗ് ആശുപത്രികളിൽ ചികിത്സ തേടിയത്.

ഇവിടേക്ക് വന്ന ആംബുലൻസുകൾ പോലും തടയുന്ന അവസ്ഥയുണ്ടായി. പൊലീസ് ഇടപെട്ട് സ്ഥലത്തെ സ്ട്രീറ്റ് ലൈറ്റുകളും അണച്ചു. വിദ്യാർത്ഥികൾക്ക് ഏറെ നേരം വൈദ്യസഹായം കിട്ടിയില്ല. 

'വാട്‍സാപ്പിൽ കണ്ടത്'

എബിവിപി - സംഘ്പരിവാർ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്ന് സൂചന നൽകുന്ന വാട്‍സാപ്പ് സന്ദേശങ്ങളും മറ്റും പിന്നീട് പുറത്തുവന്നിരുന്നു. ക്യാമ്പസിനകത്തേക്ക് കടക്കേണ്ടതെങ്ങനെ, ആക്രമണം നടത്തേണ്ടതെങ്ങനെ, ആരെയൊക്കെ ആക്രമിക്കണം എന്നീ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന ചില വാട്‍സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി, എബിവിപിയുടെ നേതാക്കൾ അടക്കമുള്ളവർ ഇതിൽ സന്ദേശങ്ങളയക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. 

യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജെഎൻയുവിലേക്ക് അക്രമികൾക്ക് എത്താനുള്ള വഴികൾ നിർദ്ദേശിക്കുന്നു. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. പൊലീസ് സാന്നിധ്യം ഉണ്ടോ അന്വേഷിക്കുകയും ചെയ്യുന്നു. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി, ബജ്‍രംഗദൾ പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് ക്യാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാത്തതിൽ പ്രതിരോധത്തിലായ ദില്ലി പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റേൺ റേഞ്ച് ജോയിന്‍റ് ഡിസിപി ശാലിനി സിംഗിനാണ് അന്വേഷണച്ചുമതല. 

ഇന്നും നടന്നത് വലിയ പ്രതിഷേധങ്ങൾ

അടിച്ചു തകർത്ത സബർമതി ഹോസ്റ്റലിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ രാവിലെത്തന്നെ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ എത്തി. മാർച്ചിന് പിന്തുണയുമായി വിവിധ ഇടത് സംഘടന പ്രവർത്തകർ കാമ്പസിനു മുന്നിലെത്തിയിരുന്നു. മാർച്ച് കണക്കിലെടുത്ത് ജെഎൻയുവിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. പ്രധാന ഗേറ്റിനു സമീപം മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ കാമ്പസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

Follow Us:
Download App:
  • android
  • ios