
ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് ഔദ്യോഗിക തുടക്കം. വിശാഖപട്ടണത്ത് ആരംഭിച്ച സിഐഐ പാർട്ട്ണർ സമ്മിറ്റിൽ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നടത്തിയത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ മാളുകളിലൊന്നാകും വിശാഖപട്ടണം ലുലുമാൾ. നിർമാണ പ്രവർത്തനം ഈ ആഴ്ച തന്നെ തുടങ്ങും. മൂന്ന് വർഷത്തിനകം മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു. 5000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. വിശാഖപട്ടണം ലുലുമാൾ, വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയിൽ ലോജിസ്റ്റിക്സ്, കയറ്റുമതി ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രം മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് കൈമാറി.
ആന്ധ്രയിലെ കർഷകർക്ക് അടക്കം പിന്തുണ നൽകുന്ന വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിൽ നിന്നുള്ള മാംഗോ പൾപ്പ്, ഗുവ പൾപ്പ്, പ്രോസസ്സഡ് സ്പൈസസ് എന്നിവയുടെ ആദ്യ കയറ്റുമതി 2026 ജനുവരി ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ ആന്ധ്രയിൽ നിന്നുള്ള പഴം-പച്ചക്കറി ഉൽപന്നങ്ങൾ ജിസിസി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആന്ധ്രയിലെ കർഷക സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി. കർഷകർക്ക് കൂടുതൽ പിന്തുണയേക്കും. കൂടാതെ റായലസീമയിൽ ലോജിസ്റ്റിക്സ്, എക്സ്പോർട്ട് സെന്ററിന്റെ നിർമാണം ആറ് മാസത്തിനകം തുടങ്ങും.
മികച്ച എക്സ്പീരിയൻസ് സെന്ററാണ് ലുലുമാളെന്നും സംസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി വഴിവെയ്ക്കുമെന്നും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ യൂസഫലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കൊച്ചി ലുലുമാളിൽ നേരിട്ടെത്തി ഇക്കാര്യങ്ങൾ താൻ തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി നായിഡു കൂട്ടിച്ചേർത്തു. 2028 അവസാനത്തോടെ മാൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് താൻ നിർദ്ദേശിച്ചതെന്നും വിശാഖപട്ടണത്തെ ലുലു മാൾ ഒരു "നവരത്ന" മാൾ ആയിരിക്കുമെന്നും നായിഡു പറഞ്ഞു. ഇന്ത്യയിലെ ലുലുവിന്റെ ഒമ്പതാമത്തെ മാളാകും വിശാഖപട്ടണത്തേത്. നവരത്നങ്ങളിൽ ഏറ്റവും നവീനരത്നം പോലെ ജനങ്ങൾക്കുള്ള മികച്ച ഇടമായിരിക്കണം വിശാഖപട്ടണം ലുലു മാളെന്ന് മുഖ്യമന്ത്രി നായിഡു യൂസഫലിയോട് പറഞ്ഞു. രണ്ടര വർഷം കൊണ്ട് മാളിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞാൽ നഗരത്തിന് മികച്ച നേട്ടമായിരിക്കുമെന്നും ഇതിനായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റായൽ സീമയിൽ മെഗാ എക്സ്പോർട്ട് ഹബ്ബായി ലുലു ലോജിസ്റ്റിക്സ് സംഭരണ കയറ്റുമതി കേന്ദ്രം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസംസ്കരണ രംഗത്ത് ലുലുവിന്റേത് പോലുള്ള കൂടുതൽ പദ്ധതികൾ വരണമെന്നും ഇത്തരം പദ്ധതികളിലൂടെ കർഷകർക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി നായിഡു വ്യക്തമാക്കി. കൂടാതെ ഐടി മേഖലയിലും അടിസ്ഥാന സൗകര്യ രംഗത്തും വൻ നിക്ഷേപങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ടാം വരവിൽ വമ്പൻ പദ്ധതികൾ ലുലു ആന്ധ്രയിൽ യാഥാർഥ്യമാക്കുന്നത്. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തറക്കില്ലിട്ട പദ്ധതിയിൽ നിന്ന്, 2019ൽ രാഷ്ട്രീയ സാഹചര്യം മൂലം ലുലു പിന്മാറിയിരുന്നു. പിന്നീട് വീണ്ടും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതോടെ ലുലുവിനെ ആന്ധ്രയിലേക്ക് എത്തിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യവികസനമെന്ന സർക്കാർ നയത്തിന്റെ ഭാഗമായി മികച്ച സൗകര്യങ്ങളാണ് ലുലുവിന് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്.
സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് ഗവർണർ സൈദ് അബ്ദുൾ നസീർ, കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ, കേന്ദ്രമന്ത്രിമാരായ കെ രാംമോഹൻ നായിഡു, ഡോ. പി ചന്ദ്രശേഖർ, ബി രാജു ആർ ശ്രീനിവാസ വർമ, സംസ്ഥാന മന്ത്രിമാരായ എൻ ലോകേഷ്, എൻ മനോഹർ, ടി ജി ഭരത്, തുടങ്ങിയവർ സംബന്ധിച്ചു. രണ്ട് ദിവസത്തെ സമ്മിറ്റിൽ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.