
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ വിമത നേതാക്കൾക്കെതിരെ ബിജെപി നടപടി തുടങ്ങി. മുൻ കേന്ദ്രമന്ത്രി ആർകെ സിങിനെ സസ്പെൻ്റ് ചെയ്തുകൊണ്ടാണ് നടപടികൾ തുടങ്ങിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ബിജെപി എംഎൽസി അശോക് അഗർവാളിനെയും കത്തിഹാർ മേയർ ഉഷ അഗർവാളിനെയും സസ്പെൻ്റ് ചെയ്തിട്ടുണ്ട്.
ബിഹാറിലെ അറയിൽ നിന്നുള്ള മുൻ എംപിയാണ് ആർകെ സിങ്. 2024 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം തുടർച്ചയായി പാർട്ടി നേതൃത്വത്തെ വിമർശിച്ച് രംഗത്ത് വന്നയാളാണ് ഇദ്ദേഹം. ബിഹാറിലെ സർക്കാരിനെയും എൻഡിഎ നേതൃത്വത്തെയും ആർകെ സിങ് പല തവണ പ്രതിരോധത്തിലാക്കി.
കേന്ദ്ര സർക്കാർ സർവീസിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു ആർകെ സിങ്. മൻമോഹൻ സിങിൻ്റെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2013 ൽ സർവീസിൽ നിന്ന് പിരിഞ്ഞ ശേഷം ബിജെപിയിൽ ചേർന്ന ഇദ്ദേഹം അറയിൽ നിന്ന് 2014 ലും 2019 ലും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് ഊർജ്ജ വകുപ്പ് മന്ത്രിയായി ഇദ്ദേഹം പ്രവർത്തിച്ചു. 2024 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം വട്ടം ബിജെപി സ്ഥാനാർത്ഥിയായെങ്കിലും ഇദ്ദേഹത്തിന് ജയിക്കാൻ സാധിച്ചിരുന്നില്ല.