പെഗാസസ് ഫോൺ ചോർത്തൽ: കേന്ദ്രസര്‍ക്കാരിന്‍റേത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമെന്ന് ജോണ്‍ ബ്രിട്ടാസ്

By Web TeamFirst Published Jul 19, 2021, 11:10 AM IST
Highlights

അമിത്ഷായുടെ പുത്രൻ ജയ്ഷായുടെ ബിസിനസ്  സംരംഭങ്ങളെക്കുറിച്ച് വാർത്തകൾ എഴുതിയ പത്രപ്രവർത്തകയുടെ ഫോൺ  ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താല്പര്യം. വാർത്ത പുറത്ത് വന്ന നിമിഷത്തിൽ തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ നിഷേധ കുറിപ്പിലൂടെ പറഞ്ഞു. ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രം

ചാര സോഫ്റ്റ് വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് രാജ്യ സഭാ എംപി ജോണ്‍ ബ്രിട്ടാസ്. വാർത്ത പുറത്ത് വന്ന നിമിഷത്തിൽ തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ നിഷേധ കുറിപ്പിലൂടെ പറഞ്ഞു. ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമാണ്.

കേന്ദ്രമന്ത്രിമാർ, നേതാക്കൾ, മാധ്യമപ്രവർത്തകർ; ചാരസോഫ്റ്റ് വെയറിലൂടെ പ്രമുഖരുടെ ഫോണ്‍ ചോർത്തിയതായി റിപ്പോർട്ട്

അമിത്ഷായുടെ പുത്രൻ ജയ്ഷായുടെ ബിസിനസ്  സംരംഭങ്ങളെക്കുറിച്ച് വാർത്തകൾ എഴുതിയ പത്രപ്രവർത്തകയുടെ ഫോൺ  ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താല്പര്യമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കേന്ദ്രസർക്കാരിനെ എതിർക്കുന്നവരുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്. നിതിൻ ഗഡ്ഗരിയുടെയും സ്മൃതി ഇറാനിയുടെയും   പേരുകൾ എന്തുകൊണ്ട് വന്നു എന്നതും സുവ്യക്തമാണ്. പലകാരണങ്ങൾകൊണ്ടും മോഡിക്ക് ഇവരെ സംശയമാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ക്കുന്നു.

പെഗാസസ്; സൈബര്‍ നീരീക്ഷണത്തിന്‍റെ ദുരുപയോഗം, വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് രാജ്യത്തിൻറെ ഗതിവിഗതി. ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാൾ മൃഗീയമായ വഴിത്താരയിലൂടെയാണ്  ഇന്ത്യയിൽ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും കുറ്റപ്പെടുത്തിയാണ് ബ്രിട്ടാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. 

'സർക്കാർ നിഷേധിച്ചാലും വസ്തുത നിലനിൽക്കും', മലയാളി മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ പറയുന്നു

 

രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


ഹിമകട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഏറെക്കാലമായി അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന അഭ്യൂഹങ്ങൾ വസ്തുതയുടെ കണികകൾ ആകുകയാണ്. 40 രാജ്യങ്ങളിൽ 50000 പേരുടെയെങ്കിലും ഫോൺ ചോർത്തിയിട്ടുണ്ടെന്ന   വിവരമാണ് വെളിപ്പെട്ടിരിക്കുന്നത്. ചാരവൃത്തിക്ക് മുന്നിട്ടുനിൽക്കുന്ന ഇസ്രായേലിലെ എൻഎസ്ഒ എന്ന കമ്പനിയുടെ പെഗ‌സിസ്  എന്ന ചാര സോഫ്റ്റ്‌വെയറാണ് ജനാധിപത്യത്തിൻറെ കടക്കൽ കത്തിവെക്കുന്ന പ്രക്രിയയ്ക്ക് ചുക്കാൻ പിടിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ,  മാധ്യമപ്രവർത്തകർ,  ജഡ്ജിമാർ,  ആക്ടിവിസ്റ്റുകൾ,  ബിസിനസുകാർ...... എന്തിനേറെ സ്വന്തം മന്ത്രിസഭയിലെ സഹപ്രവർത്തകർ...... പട്ടിക നീളുകയാണ്. 
ഏവരും പ്രതീക്ഷിച്ചതുപോലെ വാർത്ത പുറത്ത് വന്ന നിമിഷത്തിൽ തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ നിഷേധ കുറിപ്പിലൂടെ പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള ഒരു തന്ത്രം. വാട്സ്ആപ്പ് കൊടുത്ത കേസിൽ പെഗാസിസ്  ഉടമസ്ഥർ തന്നെ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്. പരമാധികാരമുള്ള രാജ്യങ്ങൾക്കും അവരുടെ ഏജൻസികൾക്കുമാണ്  ഞങ്ങൾ ചാര സോഫ്റ്റ്‌വെയർ വിറ്റിട്ടുള്ളത്. അമിത്ഷായുടെ പുത്രൻ ജയ്ഷായുടെ ബിസിനസ്  സംരംഭങ്ങളെക്കുറിച്ച് വാർത്തകൾ എഴുതിയ പത്രപ്രവർത്തകയുടെ ഫോൺ  ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താല്പര്യം. 
പുറത്തുവന്ന പേരുകൾ പരിശോധിച്ചാൽ ഒരു പാറ്റേൺ വ്യക്തമാകും. കേന്ദ്രസർക്കാരിനെ എതിർക്കുന്നവരാണ് പട്ടികയിൽ ഉള്ളവർ എല്ലാം തന്നെ. നിതിൻ ഗഡ്ഗരിയുടെയും സ്മൃതി ഇറാനിയുടെയും   പേരുകൾ എന്തുകൊണ്ട് വന്നു എന്നതും സുവ്യക്തമാണ്. പലകാരണങ്ങൾകൊണ്ടും മോഡിക്ക് ഇവരെ സംശയമാണ്.
പെഗാസിസിന്റെ വഴികൾ അത്യന്തം അപകടകരമാണ്. ചോർത്തലിന്റെ  ലാഞ്ചന പോലും അവശേഷിപ്പിക്കാതെ പണി പൂർത്തിയാക്കി അപ്രത്യക്ഷമാകും. ഐഫോൺ ഇൻസ്ട്രമെന്റ്  പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ ചോർത്തൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയൂ. ആൻഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തിൽ തെളിവ് പൂർണമായും തുടച്ചു നീക്കപ്പെടും. വാട്സ്ആപ്പ്,  എസ്എംഎസ് വരെ ഏതു വഴിയിലൂടെയും ചാര സോഫ്റ്റ്‌വെയർ കടന്നുവരും. സാധാരണഗതിയിൽ നമ്മൾ സ്വീകരിക്കുന്ന ഒരു പ്രതിരോധ തന്ത്രവും വിജയിക്കില്ലെന്ന് അർത്ഥം. 
ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് രാജ്യത്തിൻറെ ഗതിവിഗതി. ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാൾ മൃഗീയമായ വഴിത്താരയിലൂടെയാണ്  ഇന്ത്യയിൽ ഇപ്പോൾ സഞ്ചരിക്കുന്നത്????!!


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!