ബം​ഗാളിനെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതിൽ മമത സർക്കാർ പരാജയം; ഹിന്ദു വിരുദ്ധ മനോഭാവമെന്ന് ജെപി നദ്ദ

By Web TeamFirst Published Sep 10, 2020, 7:29 PM IST
Highlights

കർഷകർക്ക് മൂന്ന് ​ഗഡുക്കളിലായി ആറായിരം വീതം സഹായധനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും കർഷകരെ മമത ബാനർജി ഒഴിവാക്കിയതായും നദ്ദ വിമർശിച്ചു.


ദില്ലി: മമത ബാനർജിയുടെ സർക്കാരിന് ഹിന്ദുവിരുദ്ധ മനോഭാവമാണെന്ന് ബിജെപി നേതാവ് ജെ പി നദ്ദ. മുഖ്യധാരയുമായി ബം​ഗാളിനെ ബന്ധിപ്പിക്കാൻ മമത ബാനർജി സർക്കാരിന് സാധിച്ചിട്ടില്ലെന്നും നദ്ദ ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ദിവസം മമത ബാനർജി ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെന്നും സാധാരണക്കാരായ ജനങ്ങളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിൽ നിന്ന് വ്യക്തമാകുന്നത് മമത സർക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവവും പ്രീണന രാഷ്ട്രീയവുമാണ് ഉള്ളതെന്നാണ്. പൊതുജനങ്ങൾ ഇക്കാര്യങ്ങളെല്ലാം അറിയണമെന്നും നദ്ദ കൂട്ടിച്ചേർത്തു. 

കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട ആരോ​ഗ്യപദ്ധതിയായ ആയുഷ്മാൻ ഭാരതിൽ നിന്ന് ബം​ഗാളിലെ ജനങ്ങളെ പിന്തിരിപ്പിക്കാനാണ് മമത ബാനർജി ശ്രമിച്ചത്. അതുപോലെ തന്നെ കർഷകർക്ക് മൂന്ന് ​ഗഡുക്കളിലായി ആറായിരം വീതം സഹായധനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും കർഷകരെ മമത ബാനർജി ഒഴിവാക്കി. യോ​ഗ്യരായ കർഷകരുടെ പട്ടിക ബം​ഗാൾ സർക്കാർ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും നദ്ദ വ്യക്തമാക്കി. 

'ബം​ഗാളിനെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ബം​ഗാളിലെ ജനങ്ങളെ സേവിക്കുന്നത് മമത ബാനർജിയല്ല, മോദിയാണ്.' നദ്ദ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്ത് ആവശ്യമായവരിലേക്ക് റേഷൻ എത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 

click me!