
ദില്ലി: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. മോദിക്കും അമിത്ഷാക്കും ഒരുപോലെ വിശ്വസ്ഥനാണ് ഹിമാചൽകാരനായ ജെ പി നദ്ദ. ആദ്യ മോദി സര്‍ക്കാരിൽ ആരോഗ്യമന്ത്രിയായ നദ്ദക്കായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിയുടെ പ്രചരണ ചുമതല. എന്നാല്‍ രണ്ടാം സര്‍ക്കാരിൽ നദ്ദയെ മന്ത്രിയാക്കാതെ പാര്‍ടിയുടെ സംഘടനകാര്യങ്ങൾ ഏല്പിച്ചു. പ്രസിഡന്‍റായി അമിത്ഷാ തുടര്‍ന്നെങ്കിലും വര്‍ക്കിംഗ് പ്രസിഡന്‍റായ നദ്ദക്ക്
തന്നെയായിരുന്നു പ്രധാന സംഘടന ചുമതലകൾ. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നതോടെയാണ് നദ്ദ സ്ഥാനാരോഹിതനാകുന്നത്.
അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്‍റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും ജയം നേടുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ അഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ ചുമതലകളേല്‍പ്പിച്ചത്.
മഹാരാഷ്ട്രയിലെയും ഝാര്‍ഖണ്ഡിലെയും പരാജയത്തിന് ശേഷം ദില്ലി തെരഞ്ഞെടുപ്പിനെ നേരിടാൻ പാര്‍ടി ഒരുങ്ങുമ്പോഴാണ് പുതിയ അദ്ധ്യക്ഷനായി നദ്ദ എത്തുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെയടക്കം വലിയ പ്രതിഷേധങ്ങൾ രാജ്യത്ത് തുടരുമ്പോഴാണ് ബിജെപിയിലെ നേതൃമാറ്റമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam