ജെപി നഡ്ഡ ഇന്ന് വൈകുന്നേരത്തോടെ ബിജെപി ദേശീയ പ്രസിഡന്റായി സ്ഥാനമേൽക്കുകയാണ്. അമിതാഭ് അനിൽചന്ദ്ര ഷാ എന്ന അമിത് ഷായിൽ നിന്നാണ് നഡ്ഡ ബാറ്റൺ ഏറ്റുവാങ്ങാൻ പോകുന്നത്. നരേന്ദ്ര മോദി യുഗം ബിജെപിക്ക് സമ്മാനിച്ച പുത്തനുണർവിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ ചാണക്യനായിരുന്നു ഷാ. പ്രായത്തിൽ കവിഞ്ഞ കുശാഗ്രബുദ്ധിയാണ് പാർട്ടിയെ നയിക്കുന്ന കാര്യത്തിൽ അമിത് ഷാ പ്രകടിപ്പിച്ചിരുന്നത്.  എന്നാൽ, വർഷങ്ങളായി മോദി എഫക്ടിന്റെ നിഴലിൽ ഒളിഞ്ഞിരിക്കുന്നതിലാണ് അദ്ദേഹം നിർവൃതി കണ്ടെത്തിയിരുന്നത്. അദ്ദേഹത്തെപ്പറ്റി പൊതുമണ്ഡലത്തിൽ കാര്യമായ വിവരങ്ങളൊന്നും തന്നെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സർക്കാരിന്റെ എല്ലാ അഭിമാനപദ്ധതികളുടെയും മുൻനിരയിൽ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. മോദിയുടെ വലംകൈ, അതുമാത്രമായിരുന്നു എന്നും അമിത് ഷാ എന്ന ബിജെപി നേതാവ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന രാഷ്ട്രീയ വ്യക്തി സൗഹൃദങ്ങളിൽ ഷാ എന്നും അതുതന്നെ ആയിരുന്നു താനും. 

നാലുപതിറ്റാണ്ടു മുമ്പുള്ള പരിചയം

1982 -ൽ നടന്ന ഒരു ആർഎസ്എസ് ശിബിരത്തിനിടെയാണ് അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കണ്ടുമുട്ടുന്നത്.  അന്ന് മോദി ഒരു ആർഎസ്എസ് പ്രചാരകും അമിത് ഷാ ഒരു സാധാരണ പ്രവർത്തകനുമായിരുന്നു. മോദിക്കും ഒരു വർഷം മുമ്പ് അമിത് ഷാ ബിജെപിയിൽ അംഗത്വമെടുത്തിരുന്നെങ്കിലും, സംഘപരിവാർ വൃത്തങ്ങളിൽ സജീവമായിരുന്ന മോദിയായിരുന്നു സീനിയർ നേതാവ്. ആ പരിചയം പിന്നീട് രാഷ്ട്രീയ സൗഹൃദമായി വളരുകയും, മോദി ഷായെ തന്റെ അനുയായിയായി കൂടെക്കൂട്ടുകയുമായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഗുജറാത്തിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന കാലത്ത് യുവമോർച്ചയുടെ പ്രവർത്തനങ്ങളിലൂടെ അമിത് ഷാ ഗ്രാമങ്ങളിൽ ബിജെപിക്ക് അടിത്തറയുണ്ടാക്കി. 

ഗ്രാമങ്ങളിൽ ഒരു അവസരം ഒളിഞ്ഞിരിക്കുന്നത് അമിത് ഷാ കണ്ടെത്തി. മിക്കവാറും പഞ്ചായത്തുകളിൽ കോൺഗ്രസിന്റെ പ്രസിഡന്റുമാരായിരുന്നു അധികാരത്തിൽ. നേരിയ മാർജിനിൽ തോറ്റുപോകുന്നവർക്കും കാര്യമായ ജനസ്വാധീനം പഞ്ചായത്തുകളിലുണ്ട് എന്ന് അദ്ദേഹം കണ്ടെത്തി. അവരെ സ്വാധീനിച്ച് തന്റെ കൂടെക്കൂട്ടിയ ഷാ, അങ്ങനെ 8000 -ലധികം 'തോറ്റ' പഞ്ചായത്തു പ്രസിഡന്റുമാരുടെ സംഘം തന്നെ തയ്യാറാക്കി നിർത്തി. 

ക്രിക്കറ്റിൽ തുടങ്ങി സഹകരണത്തിലൂടെ പാർട്ടിയുടെ തലപ്പത്തേക്ക് 

ഷായുടെ അടുത്ത ലക്ഷ്യം ഗുജറാത്തിലെ ക്രിക്കറ്റ്, ചെസ്സ് തുടങ്ങിയ സമ്പന്നവും ജനപ്രിയവുമായ സ്പോര്‍ട്‌സ് സമിതികളിലെ കോൺഗ്രസിന്റെ സമഗ്രാധിപത്യം തകർക്കുക എന്നതായിരുന്നു. കോർപ്പറേറ്റ്, സ്പോര്‍ട്‌സ് വൃത്തങ്ങളിൽ നടത്തിയ നിരന്തരമായ ഓപ്പറേഷനുകളിലൂടെ കോൺഗ്രസിലെ എല്ലാ നോമിനികളെയും ഈ സ്പോര്‍ട്‌സ് ഗവേർണിങ്ങ് സമിതികളിൽ നിന്നെല്ലാം തന്നെ അമിത് ഷാ തുരത്തിയോടിച്ചു. 2009 ആയപ്പോഴേക്കും  മോദി, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടും അമിത് ഷാ അതിന്‍റെ സെക്രട്ടറിയും ആയിക്കഴിഞ്ഞിരുന്നു. അടുത്തത്, ഗുജറാത്തിന്റെ സാമ്പത്തികരംഗത്തിൽ കാര്യമായ സ്വാധീനമുള്ള സഹകരണസൊസൈറ്റികളുടെ ഭരണമായിരുന്നു. അവിടെയും ഇതേ നയം അമിത് ഷാ വിജയകരമായി നടപ്പിലാക്കി. 

ഇവിടെ ഓർത്തെടുക്കേണ്ട ഒരു കാര്യമുണ്ട്. 1998 -ൽ ഒരു സഹകരണ സംഘത്തിലേക്ക് ആദ്യമായി നടത്തിയ മത്സരംതൊട്ട് നിയമസഭയിലേക്ക് നടത്തിയ പോരാട്ടം വരെ ഇരുപത്തെട്ടു തെരഞ്ഞെടുപ്പുകളിൽ ഒന്നിൽ പോലും ഷാ തോറ്റ ചരിത്രമില്ല. ആദ്യതെരഞ്ഞെടുപ്പിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ അംഗം. അടുത്ത വർഷമായപ്പോഴേക്കും അലഹബാദ് ജില്ലാ സഹകരണബാങ്ക്  എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനത്തെത്തി അമിത് ഷാ. ജാതിവിവേചനം കൊടികുത്തിവാഴുന്ന, പട്ടേൽ, ഗഡേരിയ, ക്ഷത്രിയ ജാതിക്കാർക്ക് ആധിപത്യമുള്ള  ഗുജറാത്തിലെ സഹകരണ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനത്തിന്റെ തലപ്പത്ത്,  അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു ബനിയ സ്ഥാനം പിടിച്ചു. അമിത് ഷാ പ്രസിഡണ്ട് സ്ഥാനമേറ്റെടുത്തപ്പോൾ, അഹമ്മദാബാദ് സഹകരണബാങ്ക് തകർച്ചയുടെ വക്കിലെത്തി നിൽക്കുകയായിരുന്നു. 38 കോടിയുടെ മാത്രം ഓഹരി മൂലധനമുണ്ടായിരുന്ന ബാങ്കിന്, അതിനകം തന്നെ 36 കോടിയുടെ കടമുണ്ടായിരുന്നു. ഒറ്റവർഷം കൊണ്ട് അമിത് ഷാ ആ ബാങ്കിന്റെ ബാലൻസ് ഷീറ്റ് മാറ്റിമറിച്ചു. ലാഭം 27  കോടി. ഇന്ന്, അതേ ബാങ്കിന്റെ മൂല്യം 250 കോടിയിൽ അധികമുണ്ട്. 


മോദിയുടെ ഗുജറാത്തിലെ സൈന്യാധിപൻ

തൊണ്ണൂറുകളുടെ തുടക്കത്തോടെ തന്നെ  ഗുജറാത്തിലെ ബിജെപി ജനറൽ സെക്രട്ടറി പദത്തിലേക്ക് അമിത് ഷാ എത്തിയിരുന്നു. കേശുഭായ് പട്ടേലിന്റെ ഉത്സാഹത്തിൽ ഷായെ ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷന്റെ എംഡി സ്ഥാനത്തേക്ക് നിയമിക്കുന്നു. ഇക്കാലയളവിൽ ശങ്കർ സിങ്ങ് വഗേലയടക്കമുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കൾ നരേന്ദ്ര മോദിക്കെതിരെ വിപ്ലവം നയിക്കുകയും തൽക്കാലത്തേക്ക് മോദിയെ കേന്ദ്രത്തിലേക്ക് കെട്ടുകെട്ടിക്കുകയും ചെയ്‌തിരുന്നു. അക്കാലയളവിൽ അമിത് ഷാ ആയിരുന്നു ഗുജറാത്തിലെ മോദിയുടെ കണ്ണും കാതും. 1997 -ൽ ഷായ്ക്ക് സർഖേജ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു മോദി. അക്കൊല്ലം ഉപതിരഞ്ഞെടുപ്പിൽ നേടിയ സീറ്റ് ഷാ തെരഞ്ഞെടുപ്പിലും നിലനിർത്തി. പിന്നീടിങ്ങോട്ട് ഓരോ വട്ടവും സർഖേജിൽ നിന്ന് ഷായുടെ വിജയത്തിന്റെ മാർജിൻ വർധിച്ചുവന്നു. 

2001 -ൽ ഗുജറാത്തിൽ വിപ്ലവകരമായ ഒരു രാഷ്ട്രീയ തീരുമാനമുണ്ടാകുന്നു. കേശുഭായ് പട്ടേലിന് പകരം നരേന്ദ്ര ദാമോദർദാസ് മോദി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നു. അടുത്ത ഒരു വ്യാഴവട്ടക്കാലം ഗുജറാത്തിൽ മോദിയുടെ ഭരണമായിരുന്നു. 2002-ൽ മോദി കാബിനെറ്റിലെ ഏറ്റവും ചെറുപ്പക്കാരനായ മന്ത്രി അമിത് ഷാ ആയിരുന്നു. മോദി ഷായെ വിശ്വസിച്ച് ഏൽപ്പിച്ചിരുന്നത് ആഭ്യന്തരം, നിയമം, നീതിന്യായം, ജയിൽ, എക്സൈസ്, ഗതാഗതം, പാർലമെന്ററി എന്നിങ്ങനെ 12 വകുപ്പുകളാണ്.

ക്രിമിനൽ കേസുകളിലൂടെ കിട്ടിയ തിരിച്ചടികൾ 

ഇക്കാലത്താണ് നിരവധി എൻകൗണ്ടർ കേസുകളിൽ അമിത് ഷാ പ്രതിചേർക്കപ്പെടുന്നത്. സൊറാബുദ്ദീൻ ഷേക്കിന്റെയും തുളസിറാം പ്രജാപതിയുടേയുമൊക്കെ എൻകൗണ്ടറുകൾക്ക് മേൽനോട്ടം വഹിച്ചിരുന്ന രാഷ്ട്രീയധിഷണ എന്ന് വിമർശകർ ആരോപണങ്ങൾ ഉന്നയിച്ചു. പല എഫ്ഐആറുകളിലും അമിത് ഷായുടെ പേര് ഉൾപ്പെട്ടു. ആ കേസുകളുടെ അന്വേഷണം അമിത് ഷായെ ദീർഘകാലം വേട്ടയാടി. പക്ഷേ, ഒടുവിൽ, അത്തരത്തിലുള്ള എൻകൗണ്ടർ ഓപ്പറേഷനുകൾ പോലും മോദി സർക്കാരിന് ഗുജറാത്തിലെ ജനങ്ങൾക്കിടയിൽ ഒരു തീവ്രവാദവിരുദ്ധ പ്രതിച്ഛായ സമ്മാനിക്കുകയാണുണ്ടായത്. വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ആർ ബി  ശ്രീകുമാർ, രാഹുൽ ശർമ്മ, കുൽദീപ് ശർമ്മ, സഞ്ജീവ് ഭട്ട് തുടങ്ങി പല ഐപിഎസ് ഉദ്യോഗസ്ഥരും ആഭ്യന്തരമന്ത്രിയായിരുന്ന ഷായ്‌ക്കെതിരെ മൊഴി നൽകി. ഒടുവിൽ, 2002 -ൽ നടന്ന ഗുജറാത്ത് കലാപത്തിൽ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചതിൽ അമിത് ഷായും നരേന്ദ്ര മോദിയും ഒരുപോലെ പ്രതിസ്ഥാനത്തുവന്നു.  

ഒടുവിൽ, 2010 -ൽ സൊഹ്റാബുദ്ദീൻ കേസിൽ അറസ്റ്റുചെയ്യപ്പെടുന്ന അമിത് ഷാ, ജാമ്യം കിട്ടുന്നതുവരെ മൂന്നുമാസത്തോളം ജയിലിൽ കഴിച്ചുകൂട്ടുന്നു. കേസ് വാദം കേട്ട ജസ്റ്റിസ് അഫ്താബ് ആലം ജാമ്യം കൊടുത്തപ്പോൾ ഷായെ 2010-12 കാലത്ത് ഗുജറാത്തിൽ പ്രവേശിക്കുന്നതിൽ നിന്നുപോലും വിലക്കി. 2013 -ൽ കോബ്ര പോസ്റ്റിന്റെ സ്റ്റിങ്ങ് ഓപ്പറേഷനിൽ അമിത് ഷായും പൊലീസ് ഓഫീസറായ ജി എൽ സിംഗാളും തമ്മിലുള്ള സംഭാഷണങ്ങളുടെ റെക്കോർഡുകൾ പുറത്തുവന്നു. സിബിഐ ഇസ്രത് ജഹാൻ കേസിൽ സമർപ്പിച്ചിരുന്ന ഈ തെളിവുകൾ കോബ്ര പോസ്റ്റ് പോർട്ടലിന് ചോർന്നു കിട്ടുകയായിരുന്നു. ഈ സംഭാഷണം അപ്പാടെ തന്നെ അമിത് ഷാ അന്ന് നിഷേധിച്ചിരുന്നു. 

കേന്ദ്രത്തിൽ മോദിക്ക് കളമൊരുക്കിയ കാലം 

2012 ഡിസംബറിൽ ഗുജറാത്തിൽ മൂന്നാംവട്ടവും തെരഞ്ഞെടുപ്പുജയം മോദി-ഷാ ടീമിനെ തേടിയെത്തിയപ്പോൾ തന്നെ ഒരു ചോദ്യം എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാണ് മോദി കേന്ദ്രത്തിലേക്ക് പയറ്റാനിറങ്ങുന്നത്? മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടുവരാൻ വേണ്ടി അമിത് ഷാ അന്ന് എൽ കെ അദ്വാനി, സുഷമാ സ്വരാജ്, മുരളീമനോഹർ ജോഷി, ജസ്വന്ത് സിങ്ങ് തുടങ്ങിയ ഒരുവിധം സീനിയർ നേതാക്കളെ എല്ലാം തന്നെ ഒതുക്കി.  2013 -ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോൾ ചിത്രം വ്യക്തമായി. തന്റെ ദൗത്യം ഏതാണ്ടുറപ്പായപ്പോൾ തന്നെ മോദി അതിന്റെ വിജയമുറപ്പിക്കുന്ന ആദ്യ നടപടി കൈക്കൊണ്ടു. അമിത് ഷാ എന്ന തന്റെ വലംകൈയെ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം പൂർണമായും ഏൽപ്പിച്ചു. സത്യത്തിൽ, മോദിയല്ല, അമിത് ഷായുടെ കാംപെയ്‌നിങ്ങ് പാടവം കണ്ട രാജ്‌നാഥ് സിങ്ങാണ് അന്ന് അതിന് മോദിയെ നിർബന്ധിച്ചത്. അന്ന് പലരുടെയും പുരികം ചുളിപ്പിച്ച ഒരു തീരുമാനമായിരുന്നു അതെങ്കിലും, മോദിക്ക് തന്റെ പടത്തലവനുമേൽ പൂർണ്ണമായ വിശ്വാസമുണ്ടായിരുന്നു. മോദിയുടെയും, രാജ്യത്ത് ബിജെപിയുടെയും എൻഡിഎയുടെ തന്നെയും വിധി തിരുത്തിക്കുറിക്കുന്ന ഒരു തീരുമാനമായിരുന്നു.

2012 മുതൽ ഉത്തർപ്രദേശിൽ തന്റെ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരുന്ന ഷാ സമാജ് വാദി പാർട്ടിയിൽ ജനങ്ങൾക്കുള്ള അസംതൃപ്തി തിരിച്ചറിഞ്ഞു. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വരുന്ന ബൂത്തുകളിൽ ഓരോന്നിലും ഷാ പത്തംഗങ്ങളുള്ള ഒരു കാമ്പെയ്ൻ കമ്മിറ്റി രൂപീകരിച്ചു. അവർ ഉപസമിതികളുണ്ടാക്കി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം ശക്തമാക്കി. തന്റെ നിയന്ത്രണം ഉറപ്പിക്കാൻ വേണ്ടി ഷാ അന്ന് പ്രചാരണത്തിനായി സംസ്ഥാനത്ത് വിന്യസിച്ചത് ജിപിഎസ് സജ്ജീകരിച്ച 450  വീഡിയോ രഥങ്ങളാണ്. അവ ഉത്തർപ്രദേശിന്റെ വിദൂരഗ്രാമങ്ങളിൽ വരെ മോദിയുടെ പ്രചാരണസന്ദേശങ്ങൾ എത്തിച്ചു. മോദിയോട് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുതന്നെ മത്സരിക്കണം എന്ന് നിർബന്ധം പിടിച്ചതും ഷാ തന്നെയായിരുന്നു. ഉത്തർപ്രദേശിൽ ഷായുടെ കാർമികത്വത്തിൽ ബിജെപിക്ക് 80 -ൽ 73 സീറ്റും കിട്ടുന്നു. അത് അമിത് ഷാ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ പദ്ധതികളുടെ വിജയമായിരുന്നു.   

2014 -ൽ അമിത് ഷാ ബിജെപിയുടെ ദേശീയ പ്രസിഡണ്ടായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായ ശേഷം ഷാ അംഗത്വ കാംപെയ്നുകൾ ശക്തമാക്കി. അതുവരെ ബിജെപിക്ക് സ്വാധീനമില്ലാതിരുന്ന സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഷായ്ക്ക് കഴിഞ്ഞു. ലോക്സഭാ തെരഞ്ഞടുപ്പിൽ വിജയം ബിജെപി ഉത്തർപ്രദേശിലെ 2017 നിയമസഭാ തെരഞ്ഞടുപ്പിലും ആവർത്തിച്ചു. 

വിജയത്തുടർച്ചയിലും ഉറപ്പിച്ച നീക്കങ്ങൾ  

2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ആസൂത്രകൻ അമിത് ഷാ തന്നെയായിരുന്നു. ദേശീയതയും, ദേശസുരക്ഷയും ഒക്കെ മുഖ്യ വിഷയങ്ങളാക്കിയ ബിജെപിയെ  തെരഞ്ഞെടുപ്പിന് മുമ്പ് വന്ന പുൽവാമ ആക്രമണം തുണച്ചു. തുടർന്ന് നടത്തിയ പ്രത്യാക്രമണവും മറ്റും രാജ്യത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  മോദിക്ക് അനുകൂലമായ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റുകൾ തൂത്തുവാരി. 

അമിത് ഷാ കേന്ദ്രത്തിൽ ആഭ്യന്തര വകുപ്പ് കയ്യാളിയ ശേഷവും നിരവധി മർമ്മപ്രധാനമായ നീക്കങ്ങളുമുണ്ടായി. ഭരണഘടനയുടെ ആർട്ടിക്കിൾ 370  റദ്ദാക്കിക്കൊണ്ട് കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കാൻ ഷാ കൈക്കൊണ്ട തീരുമാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ അനുരണനങ്ങൾ ഉണ്ടാക്കാൻ പോന്ന ഒന്നാണ്. ഏറെക്കാലമായി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ അധികാരത്തിലേറിയപ്പോൾ തൊടാൻ മടിച്ചിരുന്ന ബാബരി മസ്ജിദ് വിഷയം ഒടുവിൽ അന്തിമവിധിയായത് അമിത് ഷാ ആഭ്യന്തരം കയ്യാളുന്ന കാലത്താണ് എന്നതും ബിജെപി പക്ഷം അദ്ദേഹത്തിന്റെ നേട്ടമായി ഉയർത്തിക്കാട്ടുന്നു. അതുപോലെ ഏറെ കണക്കുകൂട്ടിത്തന്നെയുള്ള ഇടപെടലുകളാണ് ഷാ അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ(NRC), പൗരത്വ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളിലും കൈക്കൊണ്ടിട്ടുള്ളത്. തീവ്ര ദേശീയതയിൽ ഊന്നിയുള്ള കടുത്ത തീരുമാനങ്ങളാണ് അമിത് ഷായുടെ ട്രേഡ് മാർക്ക് നയങ്ങൾ. 

അങ്ങനെ ഏറെക്കുറെ സുസ്ഥിരമായ അവസ്ഥയിലാണ്  അമിത് ഷാ പാർട്ടിയുടെ സാരഥ്യം ജെപി നഡ്ഡയെ ഏൽപ്പിച്ച് പടിയിറങ്ങാൻ ഒരുങ്ങുന്നത്. അമിത് ഷാ എന്ന രാഷ്ട്രീയ  ചാണക്യൻ വളരെ ഉയരത്തിൽ ഉറപ്പിച്ചുവെച്ചിരിക്കുന്ന പ്രതീക്ഷകൾക്കൊത്തുള്ള പ്രകടനം നഡ്ഡയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്നത് കാത്തിരുന്നുതന്നെ കാണാം.