
കോളാര്‍: കാഴ്ച തകരാറുള്ള വ്യക്തിയുടെ പരാതി പരിഹരിക്കാന്‍ കോടതി മുറിക്ക് വെളിയിലേക്ക് വന്ന് ജഡ്ജി. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. കോളാറിലെ മുല്‍ബാഗല്‍ പ്രിന്‍സിപ്പല്‍ സിവില്‍ ജഡ്ജാണ് കാഴ്ച പരിമിതിയുള്ള വ്യക്തിയുടെ പരാതി കേള്‍ക്കാന്‍ കോടതിയുടെ സ്റ്റെപ്പിലേക്ക് എത്തിയത്. മുല്‍ബാഗല്‍ സ്വദേശിയായ ദേവരാചാരിയെ സഹായിക്കാനാണ് ജഡ്ജി പുറത്തിറങ്ങിയത്. വ്യാഴാഴ്ചയാണ് സംഭവം.
താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ നിന്ന് നിയമസഹായം തേടിയാണ് ഇയാള്‍ കോടതിയിലെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ പരാതി നേരിട്ട് നല്‍കാനാവില്ലെന്ന് വിശദമാക്കിയിട്ടും ദേവരാചാരി വഴങ്ങിയില്ല. പരാതി ഉടനടി നല്‍കണമെന്ന് ഇയാള്‍ നിലപാട് എടുത്തതോടെയാണ് ജഡ്ജ് ഹാജി ഹുസൈന്‍ സാബ് യാദവാഡ ഇയാള്‍ക്ക് അരികിലെത്തിയത്. കോടതിയുടെ പടിയില്‍ ഇരുന്ന ഹാജി ഹുസൈന്‍ ദേവരാചാരിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കുകയായിരുന്നു.
പരാതിക്കാരന്‍ നല്‍കുന്ന രേഖകളും ക്വാറന്‍റൈന്‍ ചെയ്യേണ്ടതിനാല്‍ നേരിട്ട് ഉടനടി പരാതി സമര്‍പ്പിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് ജഡ്ജ് വിശദമാക്കി. ഇതോട ജഡ്ജിക്ക് നന്ദി പറഞ്ഞ ശേഷം ദേവരാചാരി കോടതി പരിസരത്ത് നിന്ന് പോവുകയായിരുന്നു. സിവില്‍ ജഡ്ജിയായുള്ള നാലുവര്‍ഷത്തെ സേവനത്തിന് ഇടയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്നാണ് ഹാജി ഹുസൈന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam