പീഡനക്കേസ് പ്രതിയുടെ ജാമ്യ വ്യവസ്ഥയില്‍ രാഖി കെട്ടാന്‍ ഉത്തരവ്, 'ജഡ്ജിമാരെ പഠിപ്പിക്കണം' എന്ന് അറ്റോണി ജനറല്‍

By Web TeamFirst Published Nov 2, 2020, 5:36 PM IST
Highlights

ആക്രമിക്കപ്പെട്ടയാള്‍ നേരിട്ട ആഘാതത്തെ നിസ്സാരവല്‍ക്കരിക്കുന്നതാണ് മധ്യപ്രദേശ് െൈഹക്കോടതിയുടെ വിധി എന്ന് ആരോപിച്ച് ഒമ്പത് അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
 

ദില്ലി: ലൈംഗിക പീഡനക്കേസുകളില്‍ സൂക്ഷ്മമായി ഇടപെടാന്‍ കഴിയണമെങ്കില്‍ ജഡ്ജിമാരെ ലിംഗ സമത്വത്തെക്കുറിച്ച് പഠിപ്പിക്കണമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോതിയില്‍. മധ്യപ്രദേശില്‍ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ആള്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള വ്യവസ്ഥയില്‍ ആക്രമിക്കപ്പെട്ട സ്ത്രീയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ ഉത്തരവിട്ട ഹൈക്കോടതിയെ വിമര്‍ശിച്ചാണ് അറ്റോണി ജനറലിന്റെ പ്രതികരണം. ജഡ്ജി നടത്തിയ ഉത്തരവ് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെചിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ എ എം ഖാന്ഡവില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് അറ്റോണി ഇക്കാര്യം പറഞ്ഞത്. ഇത് അനുവദനീയമല്ലെന്ന് നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയും സ്റ്റേറ്റ് അക്കാദമികളും നിര്‍ബന്ധമായും പഠിപ്പിക്കണമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 

'' ജഡ്ജിമാരെ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം. ജഡ്ജി നിയമന പരീക്ഷയില്‍ ലിംഗ സമത്വ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണം. ലിംഗ സമത്വ ബോധവല്‍ക്കരണ പരിപാടികള്‍ ദേശീയ സംസ്ഥാന ജുഡീഷ്യല്‍ അക്കാദമിയില്‍ നിന്ന് ഉണ്ടാകണം.'' അദ്ദേഹം ഖാന്‍വില്‍ക്കര്‍ ബഞ്ചിന് മുമ്പാകെ പറഞ്ഞു. സംഭവത്തില്‍ അടുത്ത വാദം കേള്‍ക്കള്‍ മൂന്ന് ആഴ്ചക്ക് ശേഷം നടക്കും. 

ആക്രമിക്കപ്പെട്ടയാള്‍ നേരിട്ട ആഘാതത്തെ നിസ്സാരവല്‍ക്കരിക്കുന്നതാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി എന്ന് ആരോപിച്ച് ഒമ്പത് അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജൂലൈ 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍, പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, പ്രതിയും ഭാര്യയും ആക്രമണം നേരിട്ടസ്ത്രീയെ വീട്ടില്‍ ചെന്ന് കണ്ട് അവരോട് രാഖി കെട്ടിത്തരാന്‍ ആവശ്യപ്പെടണമെന്നും എല്ലാ കാലവും സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കണമെന്നുമാണ് വ്യവസ്ഥ ചെയ്തത്. 

click me!