
മീററ്റ്: ഹിന്ദു മതവിശ്വാസികൾക്ക് ഭക്ഷണം തയ്യാറാക്കാൻ സ്ഥലമൊരുക്കി മീററ്റിലെ ജുമാ മസ്ജിദ് പള്ളി. ശിവ ഭണ്ഡാര ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കുന്നതിനാണ് മീററ്റിലെ ഒരു ക്ഷേത്രത്തിന് പള്ളി സ്ഥലം ഒരുക്കിയത്. മീററ്റിലെ കോട്ട്‍വാലിയിൽനിന്നാണ് മതസൗഹാർദ്ദത്തിന്റെ ഏറ്റവും പുതിയ വാർത്ത പുറത്ത് വരുന്നത്.
150 വർഷം പഴക്കമുള്ള കോട്ട്‍വാലിയിലെ സോമനാഥ് ശിവ മന്തിരത്തിന്റെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ട് ക്ഷേത്രം കമ്മിറ്റി അന്നദാനം ഒരുക്കിയിരുന്നു. എന്നാൽ ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സ്ഥലം ക്ഷേത്രത്തിന് ഉണ്ടായിരുന്നില്ല. തുടർന്ന് ഭക്ഷണം തയ്യാറാക്കുന്നതിന് പള്ളി കമ്മിറ്റി പള്ളി പരിസരത്ത് സൗകര്യമൊരുക്കുകയായിരുന്നു. പള്ളിയിലെ കിണറിലെ വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്തത്. പ്രദേശത്തെ മുസ്ലിം സഹോദരങ്ങളും ഭക്ഷണം തയ്യാറാക്കുന്നതിന് സഹായവുമായെത്തി.
മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരങ്ങളാണ് ഉത്തർപ്രദേശിൽനിന്ന് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റംസാൻ മാസ വ്രതം നോറ്റിരിക്കുന്ന മുസ്ലിങ്ങൾക്കായി അയോധ്യയിലെ സീതാ രാമ ക്ഷേത്രവും സരയൂ കുഞ്ച് ക്ഷേത്രവും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത് വലിയ വാർത്തയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam