ശാരദ ചിട്ടി തട്ടിപ്പ് കേസ്: കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്

By Web TeamFirst Published May 26, 2019, 12:11 PM IST
Highlights

ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നോട്ടീസ് പുറത്തിറക്കിയത്. രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് നടപടി. 

ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് നടപടി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാജീവ് കുമാര്‍ നൽകിയ ഹര്‍ജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. രാജീവ് കുമാറിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കൊൽക്കത്ത കോടതിയുടെ പരിഗണനയിലാണ്. രാജീവ് കുമാറിന്‍റെ ആവശ്യം കോടതി തള്ളുകയാണെങ്കിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 

ശാരദ ചിട്ടിതട്ടിപ്പ് കേസിലെ പ്രധാന തെളിവുകൾ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണത്തോട് രാജീവ് കുമാര്‍ സഹകരിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് വേണ്ടിവരുമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കിയിരുന്നു.

വൻ തുക മടക്കിക്കൊടുക്കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ൽ രജിസ്റ്റര്‍ ചെയ്ത  ശാരദാ ചിട്ടിതട്ടിപ്പ് കേസ്. സമൂഹത്തിലെ പ്രമുഖര്‍ ഉൾപ്പെട്ട 200 ഓളം കമ്പനികളുടെ കൺസോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നിൽ. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത്. 

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. സുപ്രീംകോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോൾ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്നാണ് ആരോപണം. 

click me!