അഞ്ചു വയസ്സുകാരിക്കെതിരെ അമ്പതുകാരന്റെ ലൈംഗികാതിക്രമം, പ്രതിക്കനുകൂലമായ വിധിയുമായി വീണ്ടും ജസ്റ്റിസ് ഗനേഡിവാല

By Web TeamFirst Published Jan 28, 2021, 11:22 AM IST
Highlights

അഞ്ചുവയസ്സുകാരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഒരു അമ്പതുകാരൻ തന്റെ പാന്റ്സിന്റെ സിപ്പ് ഊരിയ സംഭവത്തിൽ പോക്സോ ചുമത്താൻ വകുപ്പില്ല എന്നാണ് ജസ്റ്റിസ് ഗനേഡിവാലയുടെ നിരീക്ഷണം.

നാഗ്‌പൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വീണ്ടും ഒരു വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി. ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന വിവാദ പരാമർശം നടത്തിയ,ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല തന്നെയാണ് പുതിയ വിധിയും പുറപ്പെടുവിച്ചിട്ടുള്ളത് എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ചുവയസ്സുകാരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഒരു അമ്പതുകാരൻ തന്റെ പാന്റ്സിന്റെ സിപ്പ് ഊരിയ സംഭവത്തിൽ പോക്സോ ചുമത്താൻ വകുപ്പില്ല എന്നാണ് ജസ്റ്റിസ് ഗനേഡിവാലയുടെ നിരീക്ഷണം. അതേസമയം, ഈ കേസിൽ കുറ്റാരോപിതനെതിരെ ഐപിസി 354-A(1)(i) പ്രകാരം ലൈംഗിക അതിക്രമത്തിനുള്ള കേസെടുക്കാം എന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ പേരിൽ ഒരു 50 വയസ്സുകാരനെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിക്കെതിരെ (Libnus v State of Maharahstra) പ്രതി സമർപ്പിച്ച ക്രിമിനൽ അപ്പീലിൽ ആണ് ഹൈക്കോടതിയുടെ നിർണായകമായ ഈ വിധി വന്നിട്ടുളളത്. 

ഈ കേസിൽ കുറ്റകൃത്യത്തിന് ഇരയായത് പന്ത്രണ്ടു വയസ്സിൽ താഴെ പ്രായമുള്ള  പെൺകുട്ടിയായതുകൊണ്ട്, സെഷൻസ് കോടതി പ്രതിയെ പോക്സോ നിയമത്തിന്റെ പത്താം വകുപ്പ് പ്രകാരം കൊടിയ ലൈംഗിക അതിക്രമം എന്ന കുറ്റം ചുമത്തി അഞ്ചു വർഷത്തെ കഠിന തടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയിൽ അപ്പീൽ പോയത്. 

തന്റെ മകളുടെ കയ്യും പിടിച്ചു വെച്ച്, സ്വന്തം പാന്റ്സിന്റെ സിപ്പും അഴിച്ചു നിന്ന നിലയിൽ പ്രതിയെ അഞ്ചുവയസ്സുകാരിയുടെ അമ്മ തന്നെ കയ്യോടെ പിടികൂടിയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നതും അത് കോടതിയുടെ പരിഗണനയ്ക്ക് വരുന്നതും. പ്രതി തന്റെ ലിംഗം പുറത്തെടുത്ത് തന്റെ മകളെ കാണിക്കുകയും, തന്നോടൊപ്പം കിടക്കയിലേക്ക് ഉറങ്ങാൻ വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന മകളുടെ മൊഴിയും അമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു. 

ഈ കേസിലെ പ്രതിയുടെ അപ്പീൽ പരിഗണിക്കവെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച്, പോക്സോ നിയമത്തിന്റെ ഏഴാം വകുപ്പുപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ നിർവചനം പരിശോധിക്കയുണ്ടായി. 'ലൈംഗികോദ്ദേശ്യത്തോടെ കുട്ടികളുടെ 'യോനിയോ, ലിംഗമോ, മലദ്വാരമോ, സ്തനങ്ങളോ' സ്പർശിക്കുകയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്‌താൽ' ആണ് അത് പോക്സോ പ്രകാരമുള്ള ലൈംഗിക അതിക്രമമാവുക എന്നാണ് ജസ്റ്റിസ് ഗനേഡിവാല നിരീക്ഷിച്ചത്. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക സ്പർശനം ഉണ്ടായാൽ മാത്രമേ അതിനെ പോക്സോ ചുമത്താവുന്ന കുറ്റമായി പരിഗണിക്കാൻ സാധിക്കൂ എന്നാണ് ഈ കേസിലെ സിംഗിൾ ബെഞ്ചിന്റെ നിഗമനം. അങ്ങനെ ഒരു സ്പർശമോ ലൈംഗിക പ്രവൃത്തിയോ ഒന്നും ഈ കേസിൽ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ പോക്സോയ്ക്ക് പകരം ഐപിസി  354-A(1)(i) എന്ന കുറേക്കൂടി കാർക്കശ്യം കുറഞ്ഞ വകുപ്പ് പ്രകാരമുള്ള ലൈംഗിക അതിക്രമ കുറ്റം മാത്രമേ പ്രതിക്കുമേൽ ചുമത്താൻ സാധിക്കൂ എന്ന നിലപാടിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ,  മകളുടെ കയ്യും പിടിച്ചു വെച്ച്, സ്വന്തം പാന്റ്സിന്റെ സിപ്പും അഴിച്ചു നിന്ന നിലയിൽ പ്രതിയെ താൻ കണ്ടു എന്ന പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ മാത്രം ബലത്തിൽ പ്രതിക്കുമേൽ പോക്സോ ചുമത്താൻ വകുപ്പില്ല എന്നും ജസ്റ്റിസ് ഗനേഡിവാല വിധിച്ചു. പോക്സോ വകുപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ പ്രതിയുടെ ശിക്ഷ അഞ്ചുവർഷത്തിൽ നിന്ന് പരമാവധി മൂന്നു വർഷമായി ചുരുങ്ങാൻ സാധ്യതയുണ്ട് എന്നും നിയമ വിദഗ്ധർ പറയുന്നു. വിചാരണക്കാലയളവിൽ പ്രതി അനുഭവിച്ച അഞ്ചു മാസത്തെ ശിക്ഷ തന്നെ ഈ കേസിലെ കുറ്റത്തിന് ധാരാളമാണ് എന്നും ജസ്റ്റിസ് ഗനേഡിവാല തന്റെ വിധിപ്രസ്താവത്തിൽ പറഞ്ഞു.  
 

click me!