പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ നടപടി; അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യൻ ജോസഫ്

By Web TeamFirst Published Aug 19, 2020, 2:36 PM IST
Highlights

ആകാശം ഇടിഞ്ഞുവീണാലും കോടതികൾ നീതി നടപ്പാക്കണമെന്ന് കുര്യൻ ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. കോടതി അലക്ഷ്യ കേസുകളിൽ സുപ്രീംകോടതിയിലും അപ്പീലിനുള്ള അവസരം നൽകുന്നത് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 


ദില്ലി: അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യൻ ജോസഫ്. ആകാശം ഇടിഞ്ഞുവീണാലും കോടതികൾ നീതി നടപ്പാക്കണമെന്ന് കുര്യൻ ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. കോടതി അലക്ഷ്യ കേസുകളിൽ സുപ്രീംകോടതിയിലും അപ്പീലിനുള്ള അവസരം നൽകുന്നത് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ജഡ്ജിമാര്‍ക്കെതിരെ എത്രത്തോളം വിമര്‍ശനമാകാം എന്നതുൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ച് തീരുമാനിച്ചതിനോടും ജസ്റ്റിസ് കുര്യൻ ജോസഫ്  വിയോജിച്ചു. ഇത്തരം പ്രധാന നിയമവിഷയങ്ങളിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനം എടുക്കുക എന്നതാണ് കീഴ്വഴക്കമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കി. പ്രശാന്ത് ഭൂഷന്‍റെ ശിക്ഷ നാളെ സുപ്രീംകോടതി തീരുമാനിക്കാനിരിക്കെയാണ് ഒരു മുൻ സുപ്രീംകോടതി ജഡ്ജി തന്നെ ഇക്കാര്യത്തിലെ നടപടികളിൽ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.

പ്രശാന്ത് ഭൂഷനെതിരെയുള്ള സുപ്രീകോടതി വിധിയെ എതിര്‍ത്ത് ബാര്‍ അസോസിയേഷനും രം​ഗത്തെത്തിയിരുന്നു. പ്രശാന്ത് ഭൂഷനെതിരെ സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുത്തത് പ്രാകൃത രീതിയാണെന്നാണ് ബാര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടത്. വിമര്‍ശനങ്ങളും ആക്ഷേപ ഹാസ്യങ്ങളുമാണ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്. വിമര്‍ശനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. രണ്ട് ട്വീറ്റുകൊണ്ട് ഇല്ലാതാകുന്നതല്ല ജുഡീഷ്യറിയുടെ പ്രതിഛായയെന്നും ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. 

click me!