ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്കൂളുകളില്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ദില്ലി: ആർത്തവകാല ആരോഗ്യം പെൺകുട്ടികളുടെ അവകാശമെന്ന് സുപ്രീംകോടതി. ആർത്തവകാലത്തെ ആരോഗ്യം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്‍റെ ഭാഗമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശുചിത്വത്തിനുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കേണ്ടതും അവകാശമാണ്. എല്ലാ സ്കൂളുകളില്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നും സ്കൂളുകളിൽ വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥിനികളുടെ ആർത്തവ ശുചിത്വത്തിനായുള്ള കേന്ദ്ര നയം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്‍റെ സുപ്രധാന വിധി. സ്കൂളുകളിൽ ലിംഗവ്യത്യാസം അനുസരിച്ചുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളുടെയും ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെയും അഭാവം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം മാത്രമല്ല, സമത്വം, ആരോഗ്യം, അന്തസ്സ്, സ്വകാര്യത തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് വിദ്യാഭ്യാസാവകാശമെന്നും ജസ്റ്റിസ് ജെ ബി പർദിവാല വ്യക്തമാക്കി. പൊതുതാത്പര്യഹർജി പരിഗണിച്ചുകൊണ്ട് വിധി പ്രസ്താവിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
