
ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണ പരാതി പരിഗണിക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ പിൻമാറി. രമണയ്ക്ക് എതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിൻമാറ്റം. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദർശകനാണെന്നും പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‍ഡെക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു.
'ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്‍റെ കുടുംബാംഗമെന്നോണം വസതിയിലെ നിത്യസന്ദർശകനുമായ എൻ വി രമണയെയുമാണ്' ആഭ്യന്തര പരാതി പരിഹാര സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് എസ് എ ബോബ്‍ഡെയ്ക്ക് നൽകിയ കത്തിൽ പരാതിക്കാരി പറയുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, എൻ വി രമണ, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബഞ്ച് പരാതി പരിഹരിക്കുമെന്നായിരുന്നു നേരത്തേ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എൻ വി രമണയ്ക്ക് പകരം ആരാകും ബഞ്ചിൽ വരിക എന്നത് വ്യക്തമല്ല.
ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാൻ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്. ഇത് വലിയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വഴി വച്ചിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിലെ ഗൂഢാലോചന വേറെയും ലൈംഗികാരോപണം വേറെയും അന്വേഷിക്കാനായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയിൽ സുപ്രീംകോടതിയിൽ ചേർന്ന അപൂർവ സിറ്റിംഗിലായിരുന്നു ഈ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam