ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‍ക്കെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി തന്നെ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചന. ജസ്റ്റിസ് എ കെ പട്‍നായിക് അദ്ദേഹത്തിന്‍റെ അന്വേഷണം പൂർത്തിയാക്കി. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുന്നയിച്ച യുവ അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസിൽ നിന്ന് പട്‍നായിക് മൊഴിയെടുത്തിട്ടുണ്ട്.
സെപ്തംബർ മധ്യത്തോടെ റിപ്പോർട്ട് മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽത്തന്നെ ജസ്റ്റിസ് എ കെ പട്‍നായിക് സമർപ്പിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇല്ലാത്ത ലൈംഗികാരോപണം ഉന്നയിക്കാൻ ചില അഴിമതിക്കാരായ രാഷ്ട്രീയക്കാരും സഹജഡ്‍ജിമാരും ഗൂഢാലോചന നടത്തിയെന്നാണ് അഡ്വ. ഉത്സവ് ബെയ്ൻസ് ആരോപിച്ചത്.
ഇത്തരം ഒരു ആരോപണം ഉന്നയിച്ച ഉത്സവ് ബെയ്‍ൻസിനോട് കോടതി തെളിവുകളടക്കം രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ബെയ്ൻസ് എഴുതി നൽകിയ സത്യവാങ്മൂലം പാനൽ പരിശോധിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് കഴിഞ്ഞ ഏപ്രിൽ 25-ന് കേസ് പരിഗണിച്ച് ഏകാംഗപാനലിനോട് ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.
ജെറ്റ് എയർവേയ്‍സിന്ഡറെ ഉടമ നരേഷ് ഗോയലും, വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രൊമേശ് ശർമയുമാണ് ഈ ആരോപണമുന്നയിച്ചതെന്നാണ് ഉത്സവ് ബെയ്ൻസ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ വെളിപ്പെടുത്തൽ. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകൻ പറയുന്നത്.
ഇത്തരമൊരു ആരോപണത്തിന്‍റെ തെളിവുകളടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഉത്സവ് ബെയ്‍ൻസിനോട് ആവശ്യപ്പെട്ടത്. വിധി പറയാൻ പണം നൽകുന്ന ഏർപ്പാട് സുപ്രീംകോടതിയിൽ നിർത്തലാക്കാനായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ശ്രമമെന്നും അദ്ദേഹത്തെ തോൽപ്പിക്കാനും സ്ഥാനഭ്രഷ്ഠനാക്കാനും ശ്രമിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇപ്പോഴത്തെ ആരോപണമെന്നുമാണ് ബെയ്ൻസ് പറയുന്നത്.
യുവതിയുടെ ആരോപണത്തിലെ വസ്തുതാപ്പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഈ കേസിലെ ഇടനിലക്കാരനായ 'അജയ്' എന്നയാൾ തന്നെ സമീപിച്ചെന്നും ആരോപണങ്ങൾ പിൻവലിച്ചാൽ 50 ലക്ഷം രൂപ തരാമെന്ന് പറഞ്ഞെന്നും അഭിഭാഷകൻ പറയുന്നു. നിരസിച്ചപ്പോൾ വാഗ്ദാനം ഒന്നരക്കോടിയായി ഉയർന്നു. 'അജയ്' പരാതിക്കാരിയുടെ ബന്ധുവാണെന്നും ബെയ്ൻസ് വ്യക്തമാക്കുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ബെയ്‍ൻസിന്‍റെ ആവശ്യം.
പരാതി പരിഗണിച്ചത് അപൂർവ സിറ്റിംഗിലൂടെ
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാൻ ഏപ്രിൽ 20-ന് അത്യപൂർവമായ നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസിന്‍റെ സ്റ്റാഫംഗങ്ങളിൽ ഒരാളായിരുന്ന മുപ്പത്തിയഞ്ചുകാരി നൽകിയ പരാതി പരിഗണിക്കാനാണ് കോടതി സിറ്റിംഗ് ചേർന്നത്. പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
തീർത്തും അപ്രതീക്ഷിതമായി, രാവിലെ പത്തരയോടെയാണ് സുപ്രീംകോടതിയിൽ അടിയന്തര വിഷയം ചർച്ച ചെയ്യാൻ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയിൽ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗിൽ നാടകീയമായ പരാമർശങ്ങളും സംഭവങ്ങളുമാണുണ്ടായത്.
അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയും കോടതിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ബാർ അസോസിയേഷൻ പ്രസിഡന്‍റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോൾത്തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു.
തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam