കേന്ദ്രം എതിർത്ത രണ്ട് പേരുൾപ്പടെ നാല് ന്യായാധിപർ സുപ്രീംകോടതിയിലേക്ക്

By Web TeamFirst Published May 22, 2019, 4:16 PM IST
Highlights

അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ നേരെത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ചാണ് കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ തള്ളിയത്. 

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ എതിർപ്പുകൾ മറികടന്ന് ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു.

ഭുഷൺ രാമകൃഷ്ണ ഗവായ്, സൂര്യ കാന്ത് എന്നീ ജഡ്ജിമാർക്കൊപ്പമാണ് അനിരുദ്ധ ബോസും എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്.  ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആകും.

അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ നേരത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ചാണ്  കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ തള്ളിയത്. 

എന്നാൽ സീനിയോറിറ്റിക്കല്ല മികവിനാണ് മുൻതൂക്കം നൽകേണ്ടതെന്ന നിലപാടിലുറച്ച കൊളീജിയം, അനിരുദ്ധ ബോസിനെയും  എസ് ബൊപ്പണ്ണയെയും  സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വീണ്ടും ഫയൽ അയച്ചു.

സുപ്രീംകോടതി കൊളീജിയം രണ്ടാമതും ഫയൽ അയക്കുന്ന സാഹചര്യങ്ങളിൽ നിയമനങ്ങൾ അംഗീകരിക്കണമെന്നതാണ് നിയമം. ഇതോടെയാണ് കേന്ദ്ര സർക്കാരിന്‍റെ എതിർപ്പ് മറികടന്ന്  അനിരുദ്ധ ബോസിനും എ എസ് ബൊപ്പണ്ണയ്ക്കും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കാൻ അവസരം ഒരുങ്ങിയത്.

നേരെത്തെ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശക്കെതിരെയും കേന്ദ്ര സ‍ർക്കാർ  നിലപാടെടുത്തിരുന്നു. ഏറെ നാളത്തെ അനിശ്ചിത്വങ്ങൾക്ക് ശേഷമാണ് മലയാളിയായ കെ എം ജോസഫ് സുപ്രീം കോടതി ജഡ്ജിയായി സത്യ പ്രതിജ‍ഞ ചെയ്തത്. കെ എം ജോസഫിന്‍റെ സീനിയോറിറ്റി കുറച്ചെന്ന് കാണിച്ച് പ്രതിഷേധവുമായി മറ്റ് ജഡ്ജിമാർ ചീഫ് ജസ്റ്റിനെ കാണുകയും ചെയ്തിരുന്നു.

click me!