
ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റി വച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎൽഎമാരെ ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ സമയം അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം.
കമൽനാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എംഎൽഎമാരാണ് ഇതുവരെ രാജിവെച്ചത്.
പാര്‍ട്ടിയോടിടഞ്ഞ സിന്ധ്യ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മന്ത്രിമാരുള്‍പ്പടെയുള്ള എംഎല്‍എമാരെ ബംഗലൂരുവിലെത്തിച്ചത്. ഒരാഴ്ച മുന്‍പ് ശ്രമം നടത്തിയെങ്കിലും ഏതാനും എംഎല്‍എമാര്‍ തിരികെ പോയിരുന്നു. 22 എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 92 ആയി. കേവല ഭൂരിപക്ഷത്തിന് 104 സീറ്റ് വേണമെന്നിരിക്കേ സിന്ധ്യയുടെ നീക്കത്തിലൂടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. സിന്ധ്യയുടെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ച നിയമസഭ കക്ഷിയോഗത്തില്‍ 88 എംഎല്‍മാര്‍ മാത്രം പങ്കെടുത്തതിലൂടെ ചിത്രം കൂടുതല്‍ വ്യക്തമായി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളുടെ നിരയില്‍ ഉള്‍പ്പെട്ട ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നതിലും വിജയത്തിലേക്കെത്തിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് അവസാന നിമിഷത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ അനുകൂലിക്കേണ്ടി വരികയായിരുന്നു. 15 മാസത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനിടയിലും സിന്ധ്യയുടെ പലനീക്കങ്ങളെയും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന കമല്‍നാഥും ദ്വിഗ് വിജയ് സിംഗും പരാജയപ്പെടുത്തി.
സിന്ധ്യയും കൂട്ടരും ബിജെപിയിലേക്ക് പോയേക്കുമെന്ന സൂചനക്കിടെ അടിയന്തര മന്ത്രിസഭ, പാർട്ടി യോഗങ്ങൾ വിളിച്ച മുഖ്യമന്ത്രി കമൽനാഥ് മധ്യപ്രദേശ് പി സി സി അധ്യക്ഷ സ്ഥാനവും, രാജ്യസഭ സീറ്റും സിന്ധ്യക്ക് വാഗ്ദാനം ചെയ്തതിരുന്നു. 230 അംഗ നിയമസഭയിൽ കോൺഗ്രസ് 113, ബിജെപി 107, ബി എസ് പി 2, എസ് പി ഒന്ന്, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. സിന്ധ്യയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമമാണ് ഇനി ബിജെപി നടത്തുക.
കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam