
ദില്ലി: തമിഴ്‌നാട് ബിജെപിയിൽ ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ, ആന്ധ്രാപ്രദേശിലെ എൻഡിഎ സഖ്യത്തിന്റെ രാജ്യസഭാ സീറ്റ് വിഭജനത്തെയും സ്വീധീനിച്ചെന്ന് വിവരം. ആന്ധ്രപ്രദേശിൽ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒരു രാജ്യസഭാ സീറ്റിലുള്ള അവകാശവാദം ബിജെപി ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈക്ക് വേണ്ടിയായിരുന്നു ഈ സീറ്റ് നേരത്തെ മാറ്റിവെച്ചിരുന്നത്. എന്നാൽ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന വാർത്തകൾ ശക്തമായ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പിന്മാറ്റം.
ആന്ധ്രാപ്രദേശിൽ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്കും അവശേഷിക്കുന്ന ഒരു സീറ്റ് പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്കും നൽകാൻ എൻഡിഎ യോഗത്തിൽ തീരുമാനമായി. മുൻപ് നിശ്ചയിച്ചിരുന്ന ഫോർമുല പ്രകാരം ടിഡിപിക്ക് രണ്ടും ബിജെപിക്കും ജനസേനയ്ക്കും ഓരോ സീറ്റ് വീതവുമായിരുന്നു നൽകേണ്ടിയിരുന്നത്. രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, സംസ്ഥാന ബിജെപി നേതാക്കൾ എന്നിവർ അമരാവതിയിൽ യോഗം ചേർന്നിരുന്നു. സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം തിരുപ്പതി, അമരാവതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് പൊതുയോഗങ്ങൾ നടത്താനും എൻഡിഎ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
മുൻ ഐപിഎസ് ഓഫീസർ കൂടിയായ കെ. അണ്ണാമലൈ പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി അദ്ദേഹം ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam