മോദിയെ വാഴ്ത്തൽ അല്ല വീഴ്ത്തൽ തന്നെ ലക്ഷ്യം; ദേശീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കടന്നാക്രമിച്ച് 'ബിആർഎസ്'

By Web TeamFirst Published Oct 7, 2022, 5:20 PM IST
Highlights

"നരേന്ദ്രമോദി കഴിവില്ലാത്ത പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണ് അദ്ദേഹം. നമ്മൾ അദ്ദേഹത്തിന്റെ മൻ കീ ബാത്ത് കേൾക്കണം, പക്ഷേ   ജൻ കീ ബാത്ത് (ജനങ്ങളുടെ ശബ്ദം) കേൾക്കാൻ അദ്ദേഹം തയ്യാറല്ല." കെ ടി രാമറാവു അഭിപ്രായപ്പെട്ടു. 

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി ഇനി ഭാരത് രാഷ്ട്ര സമിതി എന്ന ദേശീയ പാർട്ടിയായിരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കെ ചന്ദ്രശേഖർ റാവുവിന്റെ മകനും തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു. നരേന്ദ്രമോദി കഴിവില്ലാത്ത പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണ് അദ്ദേഹം. നമ്മൾ അദ്ദേഹത്തിന്റെ മൻ കീ ബാത്ത് കേൾക്കണം, പക്ഷേ   ജൻ കീ ബാത്ത് (ജനങ്ങളുടെ ശബ്ദം) കേൾക്കാൻ അദ്ദേഹം തയ്യാറല്ല കെ ടി രാമറാവു അഭിപ്രായപ്പെട്ടു. 

കേന്ദ്ര ഏജൻസികളെ മോദിസർക്കാർ ദുരുപയോ​ഗം ചെയ്യുകയാണെന്നും കെ ടി രാമറാവു ആരോപിച്ചു. "പോരാടാനും കാത്തിരിക്കാനും ഞങ്ങൾക്ക് ക്ഷമയുണ്ട്. ഞങ്ങൾക്കെതിരെ നിരവദി ആക്രമണങ്ങളുണ്ടായേക്കും. കേന്ദ്ര ഏജൻസികളെ ഞങ്ങൾക്കെതിരെ ഉപയോ​ഗിച്ചേക്കും, എല്ലാവിധ ആക്രമണങ്ങളും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ബിജെപിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം". കെ ടി രാമറാവു പറഞ്ഞു. 

ഇഡി, സിബിഐ, ഇൻകം ടാക്സ് പോലെയുള്ള വേട്ടനായ്ക്കളെ ഉപയോ​ഗിച്ചാണ് മോദിയുടെ ഓപ്പറേഷൻ. ഈ ഏജൻസികളെല്ലാം ബിജെപിയുടെ ഘടകങ്ങളാണ്. അവർക്ക് തങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങൾ പുതിയതല്ല. കെ ചന്ദ്രശേഖർ റാവുവും ടിആർഎസും നിരവദി അപമാനങ്ങളും ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹം അർപ്പണബോധമുള്ള നേതാവാണ്. ഇത്തരം നടപടികളൊന്നും അദ്ദേഹത്തെ ബാധിക്കില്ലെന്നും കെ ടി രാമറാവു പറഞ്ഞു.  

Read Also: 'പന്നിക്ക് ലിപ്സ്റ്റിക് ഇട്ടതുപോലെ'; കെസിആറിന്റെ ഭാരത് രാഷ്ട്രസമിതിയെ പരിഹസിച്ച് ബിജെപി

ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് മാറ്റിയത് രണ്ട് ദിവസം മുമ്പാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പേര് ഭാരത രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷം ഇല്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് എന്ന പേരിൽ മത്സരിക്കും. കെസിആറിന്റെ ഈ പുതിയ നീക്കം ബിജെപിയെ സഹായിക്കാനാണെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മോദിയെ കടന്നാക്രമിച്ചുള്ള കെ ടി രാമറാവുവിന്റെ പ്രസ്താവന. 

Read Also: കെസിആറിന്റെ 'മുഹൂർത്തം' മോദിയെ വീഴ്ത്താനോ വാഴിക്കാനോ?

 

click me!