Asianet News MalayalamAsianet News Malayalam

കെസിആറിന്റെ 'മുഹൂർത്തം' മോദിയെ വീഴ്ത്താനോ വാഴിക്കാനോ?

തെലങ്കാന വാദ രാഷ്ട്രീയം കൊണ്ട് വഴിത്തിരിവിലെത്തിയ പൊതുജീവിതം നാഷണൽ പെർമിറ്റെടുക്കുമ്പോൾ റാവുവിന്റെ നേരം നല്ലതാണോ? വിശ്വാസം രക്ഷിക്കുമോ?

what is the furure of kcr brs telangana
Author
First Published Oct 5, 2022, 7:02 PM IST

ല്ലാത്തിനും മുഹൂർത്തം കുറിക്കും ചന്ദ്രശേഖര റാവു. സത്യപ്രതിജ്ഞയ്ക്ക്, ഉദ്ഘാടനത്തിന്, പാർട്ടി പ്രഖ്യാപനങ്ങൾക്ക് എല്ലാം മുഹൂർത്തം. അക്കഭാഗ്യങ്ങളിൽ അതിരുകടന്ന വിശ്വാസം. ആറാണ് ഭാഗ്യസംഖ്യ. 2014ൽ സത്യപ്രതിജ്ഞ 12.57നായിരുന്നു. കാലാവധി തീരാൻ 9 മാസം ബാക്കിനിൽക്കെ സഭ പിരിച്ചുവിട്ടതും ഗണിച്ചുനോക്കിയാണ്. രണ്ടാം തവണ സത്യപ്രതിജ്ഞ 1.34നായിരുന്നു. ഇപ്പോളിതാ തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയാക്കിയുള്ള പ്രഖ്യാപനം ദസറ ദിവസം 1.19ന്. തെലങ്കാന വാദ രാഷ്ട്രീയം കൊണ്ട് വഴിത്തിരിവിലെത്തിയ പൊതുജീവിതം നാഷണൽ പെർമിറ്റെടുക്കുമ്പോൾ റാവുവിന്റെ നേരം നല്ലതാണോ? വിശ്വാസം രക്ഷിക്കുമോ?

തെലുങ്കുമണ്ണിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിൽ ഇരിപ്പിടമെന്തെങ്കിലും ഉണ്ടാക്കിയ രണ്ട് പ്രാദേശിക പാർട്ടി നേതാക്കളേ ഉളളൂ. എൻ ടി രാമറാവുവും ചന്ദ്രബാബു നായിഡുവും. ആന്ധ്രയിൽ ഇരുവരുടെയും മന്ത്രിസഭയിലുണ്ടായിരുന്നു കെസിആർ. അവർക്കപ്പുറം മൈലേജാണ് ദില്ലിയിലേക്ക് നോട്ടമെറിയുമ്പോൾ റാവുവിന്റെ സ്വപ്നം. തെലങ്കാന മണ്ണിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിൽ എന്തെങ്കിലും അനക്കമുണ്ടാക്കുന്ന നേതാക്കളിപ്പോഴില്ല.  നായിഡു പതുങ്ങി. എങ്ങനെയെങ്കിലും ജഗൻ മോഹൻ റെഡ്ഡിയെ വെട്ടി ഭരണം പിടിക്കുന്നതിലും ടിഡിപിയുടെ നിലനിൽപ്പിലുമായി ശ്രദ്ധ. അതിനിടയിൽ ദില്ലിക്കാര്യം ചിന്തിക്കാനേ നേരമില്ല. ജഗൻമോഹൻ റെഡ്ഡിയാവട്ടെ റായലസീമയും സീമാന്ധ്രയും കടന്ന് സ്വപ്നങ്ങൾ തത്കാലം കാണുന്നില്ല. നരേന്ദ്രമോദിക്ക് വഴങ്ങുകയും ആന്ധ്രാ ഇടം സേഫാക്കുകയും ചെയ്യുന്ന സിംപിൾ രാഷ്ട്രീയപ്പയറ്റിലാണ് ജഗനാനന്ദം. അപ്പോൾ പിന്നെ തെലുങ്കിന്റെ  ദേശീയ മുഖമാവാൻ എന്തെങ്കിലും വകുപ്പുള്ളൊരാൾ കെസിആർ തന്നെ. 

മകൻ എൻ ടി രാമറാവുവിലേക്ക് ടിആർഎസിന്റെ ചെങ്കോൽ ഏറെക്കുറെ കൈമാറിയിട്ടുണ്ട് കെ സി ആർ. താഴെത്തട്ടിൽ കരുത്തനായ മരുമകൻ ഹരീഷ് റാവുവിനെ പിണക്കാതെ കൂടെക്കൂട്ടുന്നു. കരുണാനിധിക്ക് കനിമൊഴിയെന്ന പോലെ ദില്ലിയിലെത്തുമ്പോൾ കെസിആറിന്റെ വാക്ക് മകൾ കവിതയാകും. രാമറാവുവിന് കീഴിലേക്ക് തെലങ്കാനയിൽ കാര്യങ്ങൾ നീക്കിയാണ് ഭാരത് രാഷ്ട്ര സമിതിയായി കെസിആർ വരുന്നത്. അങ്ങനെനോക്കിയാൽ ഹൈദരാബാദിൽ നിന്ന് ആധിയേറെയില്ലാതെ ദില്ലി യാത്ര. ഉണ്ടിരിക്കുമ്പോൾ ഒരു വിളി തോന്നിയതാണോ കെസിആറിന്? തെലങ്കാന വാദ മൂലധനം കൊണ്ട് കഴിഞ്ഞ എട്ട് വർഷമായി സാമാന്യം ലാഭത്തിലോടുന്നൊരു ടിആർഎസ് കമ്പനിക്ക് ഇന്ത്യയാകെ ബ്രാഞ്ച് തുടങ്ങാമെന്ന് തീരുമാനിച്ചത് എന്ത് കണ്ടിട്ടാണ്? നേരത്തെ പറഞ്ഞതുപോലെ, തെലുങ്കുമണ്ണിലെ ‘ദേശീയ’ ഒഴിവ് നികത്താൻ മാത്രമല്ല.

കോൺഗ്രസായിരുന്നു തെലങ്കാനയിൽ വലിയ എതിരാളി. അവരെ ഏതാണ്ട് വിഴുങ്ങി റാവു കൂടെക്കൂട്ടി. കോൺഗ്രസിന്റെ  നിയമസഭാ കക്ഷി തന്നെ ടിആർഎസിലെത്തി. എരവളളിയിലെ ഫാം ഹൌസിൽ ഇളക്കം തട്ടാതെ ഇരിക്കാൻ പക്ഷേ അതുകൊണ്ടായില്ല.ബിജെപി കളംപിടിച്ചുതുടങ്ങി. ഹൈദരാബാദ് നഗരസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്സഭയിലും ഉപതരെഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് കൂട്ടി. വേരിളകുന്നത് കണ്ട് ബിജെപിയോടുളള മൗനം പതുക്കെ വെടിഞ്ഞു കെസിആർ. മോദിക്ക് മുഖം കൊടുക്കാതെയിരുന്നു.അതിന്റെ തുടർച്ചയാണ് മൂന്നാം മുന്നണി നീക്കം. അതിനാണ് ഭാരത് രാഷ്ട്ര സമിതിയും. മൂട്ടിൽ തീപിടിച്ചപ്പോഴുളള അങ്കപ്പുറപ്പാടെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. ബിജെപി,ആർഎസ്എസ് വിരുദ്ധ  പോരാട്ടമെന്നും. എന്നാലങ്ങനെയാണോ? കോൺഗ്രസ് അത് സമ്മതിക്കുന്നില്ല.

വെളളാരംകല്ലുകളുടെ ചുറ്റുമതിലും കടവാവലുകളുടെ സാമ്രാജ്യവുമുളള ഗൊൽകൊണ്ട കോട്ട പോലെയാണോ കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി? നരേന്ദ്രമോദിക്ക് വീണ്ടും വഴി എളുപ്പമാക്കാനുളള അഡ്ജസ്റ്റ്മെന്റ് പദ്ധതിയുടെ ഭാഗമാണ് പുതിയ പാർട്ടിയെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തൽ. ഒവൈസിയും അതിനൊപ്പമുണ്ടെന്നും ആരോപണമുണ്ട്. കോൺഗ്രസിനെ ഒപ്പം കൂട്ടാതെ ഫെഡറൽ മുന്നണി ലക്ഷ്യമിടുന്ന കെസിആർ പ്രതിപക്ഷ ഐക്യത്തിന് ഇടങ്കോലിടാനാണ് ഒരുമ്പെട്ടിറങ്ങിയതെന്നും കുറ്റപ്പെടുത്തലുണ്ട്. ആരോപണങ്ങളേറെയുണ്ടായിട്ടും തെലങ്കാനയിൽ ഇഡിയും സിബിഐയും ഇറങ്ങാൻ മടിക്കുന്നതിന് വേറെ കാരണമില്ലെന്നും വാദം.

അവസരം കിട്ടിയാൽ പ്രധാനമന്ത്രിയാവാമെന്ന സ്വപ്നം കെസിആറിനുമുണ്ടാകാം. അങ്ങനെ പ്രധാനമന്ത്രിപദം വീണുകിട്ടിയ ദേവഗൌഡയും മക്കളുമാണ് റാവുവിന്റെ ഉറ്റതോഴർ. രാഷ്ട്രീയത്തിനപ്പുറം രാജയോഗം ഇനിയുമുണ്ടെന്ന് എഴുതിയ ഒരു ജാതകം പോലും കെസിആറിന്റെ തീരുമാനത്തിന് പിന്നിലുണ്ടാകാം. ടി മാറി ബി ആകുന്ന പിങ്ക് പാർട്ടിയുടെ യോഗം ജാതകക്കുറിപ്പിൽ എന്താകുമെന്നും കാണാം...​!
 

Read Also: 'പന്നിക്ക് ലിപ്സ്റ്റിക് ഇട്ടതുപോലെ'; കെസിആറിന്റെ ഭാരത് രാഷ്ട്രസമിതിയെ പരിഹസിച്ച് ബിജെപി

Follow Us:
Download App:
  • android
  • ios