
കോഴിക്കോട്: അഞ്ചിൽ നാലിടത്തെ ഫലം വന്നപ്പോൾ സെമി ഫൈനൽ മൂന്ന്- ഒന്നിന് വിജയിച്ച ബിജെപി കരുത്തുകാട്ടിയപ്പോൾ സന്തോഷം പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപി വിജയം മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വരും എന്ന കൃത്യമായ സൂചനയാണെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ബിജെപിക്ക് ഉണ്ടായത് മികച്ച വിജയമാണ്. ഇത് വികസനത്തിന് ഉണ്ടായ മുന്നേറ്റമാണ്. ജാതി കാർഡ് ഉപയോഗിച്ച് നേട്ടം കൊയ്യാം എന്ന കണക്ക് കൂട്ടലുകളെല്ലാം പൊളിഞ്ഞിരിക്കുന്നു. ഇനി രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തന്നെ മൽസരിക്കേണ്ടി വരും. കേരളത്തിൽ നിന്ന് പ്രധാനമന്ത്രി എന്ന കാർഡ് ഇറക്കിയാലും മലയാളികൾ വഞ്ചിക്കപ്പെടരുത്. നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടി ആണ് ജനങ്ങൾക്ക് വേണ്ടത്. വ്യാജ വാഗ്ദാനങ്ങൾ അല്ലാതെ നടപ്പാക്കുന്ന ഉറപ്പാണ് കേരളത്തിനും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ തീരുമാനങ്ങൾ അതിവേഗം എടുക്കും. ഘടക കക്ഷികളുമായി ചർച്ചകൾ തുടരുകയാണ്. അഞ്ചാം തീയതി സംസ്ഥാന നേതൃയോഗം കോട്ടയത്ത് ചേരും. തുടർന്ന് എൻഡിഎ യോഗവും ചേരും. ബിഡിജെഎസ് ആയി ഉഭയകക്ഷി ചർച്ച തുടങ്ങി.
പുറത്ത് നിന്നുള്ള സ്ഥാനാർത്ഥി വരുന്ന സാധ്യതയും പരിഗണിക്കും. വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കണം എന്ന ചർച്ചയും നടക്കുന്നതായി കെ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, തകർക്കാനാവാത്ത വിശ്വാസം. ഉജ്ജ്വല സെമി ഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്ക് എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി കലക്കൻ വിജയത്തിലേക്ക് കടക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിർത്തിയ ബിജെപി രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡും ജനം പാർട്ടിയെ കൈവിട്ടു.
എവിടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. രാജസ്ഥാൻ അടക്കം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന നേതാക്കളെ എല്ലാവരെയും ഒപ്പം നിര്‍ത്താനായതാണ് ബിജെപിക്ക് വലിയ നേട്ടമായത്. രാജസ്ഥാനിലെ കോൺഗ്രസ് തമ്മിലടിയും ഭരണവിരുദ്ധ വികാരവും ബിജെപിക്ക് നേട്ടമായി. ഭരണത്തുടര്‍ച്ചയെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും ഛത്തീസ്ഗഡും കോൺഗ്രസിനെ കൈവിട്ടു. മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അടക്കമുള്ളവരെ പിന്നിലാക്കിയാണ് ബി ജെ പിയുടെ കുതിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനം വോട്ട് ചെയ്തുവെന്നായിരുന്നു ഛത്തീസ്ഗഡ് ബിജെപി നേതാവ് രമൺ സിങ്ങ് പ്രതികരിച്ചത്.
സംഘടനാ ദൗർബല്യങ്ങളും തമ്മിലടിയും തന്ത്രങ്ങളിലെ പാളിച്ചയും കോൺഗ്രസിനെ വീഴ്ത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി. സംസ്ഥാന രൂപീകരണ നാൾ മുതൽ കെസിആർ എന്ന രാഷ്ട്രീയ അതികായനൊപ്പം നിന്ന തെലങ്കാന അദ്ദേഹത്തെ കൈവിട്ടത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ജനവിധിയായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam