മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിന് പിന്നാലെ, ഏക്നാഥ് ഷിൻഡെ പക്ഷത്തെ ശിവസേന കൗൺസിലർമാരെ പഞ്ചനക്ഷത്ര റിസോർട്ടിലേക്ക് മാറ്റി. മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ധവ് താക്കറെ പക്ഷം കൗൺസിലർമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് സംശയം
മുംബൈ: മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിൽ ശിവസേന കൗൺസിലർമാരെ പഞ്ചനക്ഷത്ര റിസോർട്ടിലേക്ക് മാറ്റി. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നിർദേശപ്രകാരമാണ് കൗൺസിലർമാരെ റിസോർട്ടിലേക്ക് മാറ്റിയത്. ബാന്ദ്രയിലെ താജ് ലാൻഡ്‌സ് എൻഡ് ഹോട്ടലിൽ എത്തി മൂന്ന് ദിവസം ഇവിടെ താമസിക്കാനാണ് നൽകിയിരിക്കുന്ന നിർദേശം. കോർപറേഷൻ മേയറെ അടക്കം തീരുമാനിക്കാനിരിക്കെയാണ് നീക്കം. 2019 ലും പിന്നീട് 2022 ൽ ശിവസേന പിളർന്നപ്പോഴും സംസ്ഥാനത്തെ എംഎൽഎമാരെ ശിവസേന റിസോർട്ടിലേക്ക് മാറ്റിയിരുന്നു.
ബിജെപിയും ശിവസേനയും അടക്കം എൻഡിഎ കക്ഷികൾക്ക് മുംബൈ കോർപറേഷനിലെ 227 സീറ്റിൽ 118 സീറ്റുകളാണ് ജയിക്കാനായത്. ബിജെപി 89 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ എൻഡിഎ മുന്നണി ഭരണവും ഉറപ്പിച്ചു. മറുവശത്ത് ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേനയും ചേർന്ന സഖ്യം 72 സീറ്റുകൾ നേടി. ഒറ്റക്ക് മൽസരിച്ച കോൺഗ്രസ് 24 സീറ്റിൽ വിജയിച്ചു. കോൺഗ്രസും താക്കറെ കക്ഷികളും യോജിച്ചാൽ 96 സീറ്റുകളാവും. ശിവസേന ഷിൻഡെ പക്ഷത്ത് നിന്ന് കൗൺസിലർമാരെ എത്തിക്കാനായാൽ ഈ പക്ഷത്തിന് എൻഡിഎയെ അകറ്റിനിർത്താനാവും. എന്നാൽ ഉദ്ദവ് താക്കറെ വിഭാഗം നടത്താനിടയുള്ള നീക്കം പ്രതിരോധിക്കാനാണോ കൗൺസിലർമാരെ റിസോർട്ടിലേക്ക് മാറ്റിയതെന്ന് വ്യക്തമല്ല.


