അന്തരിച്ച ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്‍റെ സംസ്കാരം നാളെ

By Web TeamFirst Published Aug 22, 2021, 7:23 AM IST
Highlights

രാമക്ഷേത്രം പ്രധാന മുദ്രാവാക്യമാക്കി ബിജെപിയുടെ രഥം ഉത്തരേന്ത്യയിലൂടെ ഉരുണ്ട് തുടങ്ങിയപ്പോൾ അതിന്റെ മുന്നണിയിൽ ഉണ്ടായിരുന്നു കല്യാൺ സിംഗ്

ലഖ്നൌ: ബിജെപി നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിംഗിന്‍റെ സംസ്കാരം നാളെ. യുപിയിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ നേതാക്കളിൽ ഒരാളായിരുന്നു കല്യാൺ സിംഗ്.പിന്നാക്ക വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിച്ച നേതാവ് കൂടിയായിരുന്നു കല്യാൺ സിംഗ്.

രാമക്ഷേത്രം പ്രധാന മുദ്രാവാക്യമാക്കി ബിജെപിയുടെ രഥം ഉത്തരേന്ത്യയിലൂടെ ഉരുണ്ട് തുടങ്ങിയപ്പോൾ അതിന്റെ മുന്നണിയിൽ ഉണ്ടായിരുന്നു കല്യാൺ സിംഗ്. അലിഗഡിൽ ജനിച്ച അദ്ദേഹം സ്കൂൾ ‌വിദ്യാഭ്യാസ കാലത്ത് ആര്‍എസ്എസിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. യുപിയിൽ കോൺഗ്രസിന്റ പ്രതാപ കാലത്ത് ശക്തമായി പ്രതിരോധം തീർത്ത കല്യാൺ സിംഗ് 9 തവണ സംസ്ഥാന നിയമസഭയിൽ സാന്നിധ്യം അറിയിച്ചു. 

അയോധ്യ പ്രക്ഷോഭത്തിന്റെ കാലത്ത് 1991ൽ യുപിയിൽ ബിജെപിയെ ആദ്യമായി അധികാരത്തിലെത്തിച്ചു ആ പോരാട്ടം. 92ലെ കർസേവക്കിടെ ബാബറി മസ്ജിദ് തകർത്തപ്പോൾ കല്യാൺ സിംഗ് ഭരണകൂടത്തിന്റെ പൂർണ പിന്തുണ അതിന് കിട്ടിയെന്ന് ആരോപണം ഉയർന്നു. യുപിയിലെ ഉൾപ്പെടെ ബിജെപി സർക്കാരുകളെ പിന്നീട് പി.വി.നരസിംഹ റാവു സർക്കാർ പിരിച്ചുവിട്ടു. ധ്രുവീകരണത്തിന്റെ അന്തരീക്ഷത്തിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കല്യാൺ സിംഗിന് അടിപതറി. കാത്തിരുന്ന് കരുക്കൾ നീക്കിയ കല്യാണ സിംഗ് 97ൽ വീണ്ടും മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തി. 

99ൽ അധികാരത്തിൽ നിന്നും പാർട്ടിയിൽ നിന്നും കല്യാൺ സിംഗിന് പുറത്തുപോകണ്ടി വന്നു. സ്വന്തം പാർട്ടി രൂപീകരിച്ചും കരുത്തുകാട്ടിയ കല്യാൺ സിംഗിനെ 2004ൽ ബിജെപി നേതൃത്വം തിരിച്ചെത്തിച്ചു. 2009ൽ വീണ്ടും പാർട്ടി വിട്ട അദ്ദേഹം 2014ൽ ഒരിക്കൽ കൂടി തിരിച്ചെത്തി. മുന്നോക്ക വിഭാഗങ്ങളിൽ മാത്രം ബിജെപി ഒതുങ്ങി നിന്ന ഒരു സമയത്ത് പിന്നാക്ക ലോധ് വിഭാഗത്തിൽ നിന്ന് വളർന്നുവന്ന കല്യാൺ സിംഗ് മറ്റ് പിന്നാക്ക വിഭാഗങ്ങളെയും സംഘപരിവാറിനോട് അടുപ്പിച്ച നേതാവ് കൂടിയാണ്. ഒരു നിർണായക തെരഞ്ഞെടുപ്പിന് യുപി ഒരുങ്ങുന്നതിനിടെയാണ് വടക്കേ ഇന്ത്യൻ രാഷ്ടീയത്തിലെ ഈ അതികായൻ വിടപറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!