'വയലിൻ വായിക്കേണ്ട സമയം ഇതല്ല', പ്രധാനമന്ത്രി കർഷകരെ കാണണമെന്ന് കമൽ ഹാസൻ

By Web TeamFirst Published Dec 2, 2020, 1:38 PM IST
Highlights

വയലിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. എന്നാൽ ഇതല്ല അതിനുള്ള സമയം. റോം കത്തിയെരിയുമ്പോൾ വയലിൻ വായിക്കരുത് - മോദിയുടെ മൗനത്തെ വിമർശിച്ച് കമൽ ഹാസൻ പറഞ്ഞു. 
 

ചെന്നൈ: കർഷകസമരത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കര്ഞ,കരെ കാണുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അവരോട് സംസാരിക്കുകയും വേണമെന്ന് കമൽ ഹാസൻ ആവശ്യപ്പെട്ടു. 

മുൻ ഐഎഎസ് ഓഫീസർ സന്തോഷ് ബാബു മക്കൾ നീതി മയ്യത്തിൽ അം​ഗമാകുന്നുവെന്ന് അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നം കൂടുതൽ ​ഗുരുതരമാകുന്നതിന് മുമ്പ് കർഷകരുടെ പ്രതിസന്ധിക്ക് പരി​ഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

'വയലിന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. എന്നാൽ ഇതല്ല അതിനുള്ള സമയം. റോം കത്തിയെരിയുമ്പോൾ വയലിൻ വായിക്കരുത്' - മോദിയുടെ മൗനത്തെ വിമർശിച്ച് കമൽ ഹാസൻ പറഞ്ഞു. 

'പ്രധാനമന്ത്രി കർഷകരോട് സംസാരിക്കുകയാണ് വേണ്ടത്. ഇപ്പോൾ തന്നെ സമയം അതിക്രമിച്ചു. നിങ്ങൾ സംസാരിക്കണം. അത് രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങളും രാജ്യത്തിന്റെ നന്മയാണല്ലോ വിശ്വസിക്കുന്നത്. കൃഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് അപേക്ഷയല്ല' - കമൽ ഹാസൻ പറഞ്ഞു. 

തുടർച്ചയായ ആറാം ദിവസമാണ് കർഷകർ ദില്ലിയിൽ പ്രതിഷേധിക്കുന്നത്. പ‍ഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർ ദില്ലിയിൽ തമ്പടിച്ച് പ്രതിഷേധിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പീയുഷ് ​ഗോയൽ, സോം പ്രകാശ് എന്നിവർ 30 കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കില‍ും പരാജയപ്പെട്ടു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. 

click me!