നിലപാടിലുറച്ച് സിന്ധ്യ, പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് കമല്‍നാഥ്; തീരുമോ മധ്യപ്രദേശിലെ പ്രതിസന്ധി?

By Web TeamFirst Published Aug 30, 2019, 12:18 PM IST
Highlights

പിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി, സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കമല്‍നാഥ് പറഞ്ഞു. 

ദില്ലി: മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ മുഖ്യമന്ത്രി കമല്‍നാഥ് സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ നേരില്‍ക്കണ്ടാണ് കമല്‍നാഥ് ഇക്കാര്യമറിയിച്ചത്. തന്നെ പിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കമല്‍നാഥിന്‍റെ നടപടി.

പിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി, സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കമല്‍നാഥ് പറഞ്ഞു. പുതിയ അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് രോഷമുണ്ടെന്ന് തോന്നുന്നില്ല. സോണിയ ഗാന്ധിയുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നും കമല്‍നാഥ് പ്രതികരിച്ചു.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍.  എന്നാല്‍, മുഖ്യമന്ത്രിയായി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തുടരുകയായിരുന്നു. പല തവണ പാര്‍ട്ടി നേതൃത്വത്തെ സിന്ധ്യ അതൃപ്തി അറിയിച്ചിട്ടും നടപടികളുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായി സിന്ധ്യ രംഗത്തെത്തിയതും മറ്റു വഴികള്‍ തേടുമെന്ന് അന്ത്യശാസനം നല്‍കിയതും. 

ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഇപ്പോള്‍ സിന്ധ്യക്കുള്ളത്. അതുകൊണ്ടുതന്നെ,അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന സിന്ധ്യയുടെ മുന്നറിയിപ്പിനെ ഏറെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.

click me!