
ചെന്നൈ: തമിഴ്‍നാട്ടിൽ വീണ്ടും 'നീറ്റി'ന്‍റെ പേരിൽ ആത്മഹത്യ. വിളുപുരം സ്വദേശിനി മോനിഷയാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റി'ൽ മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ ആത്മഹത്യ ചെയ്തത്. ഇന്നലെ തഞ്ചാവൂർ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂർ സ്വദേശിനി വൈശ്യ എന്നീ വിദ്യാർഥിനികളും മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ ആത്മഹത്യ ചെയ്തിരുന്നു.
ഋതുശ്രീയും വൈശ്യയും നീറ്റ് പരീക്ഷാ ഫലം വന്ന് മണിക്കൂറുകൾക്കകമാണ് ആത്മഹത്യ ചെയ്തത്. മരിച്ച മൂന്ന് വിദ്യാർത്ഥിനികൾക്കും പ്ലസ്‍ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്കുണ്ട്. ഇതോടെ തമിഴ്‍നാട്ടിൽ 'നീറ്റി'ന്‍റെ പേരിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം അഞ്ചായി. 2017-ലാണ് മെഡിക്കൽ പ്രവേശനത്തിന് അഖിലേന്ത്യാ പ്രവേശന പരീക്ഷയായ 'നീറ്റ്' (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് NEET) നിർബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്.
ഭൂരിപക്ഷം വിദ്യാർത്ഥികൾ തമിഴിൽ പ്ലസ്‍ടു പഠനം പൂർത്തിയാക്കുന്ന തമിഴ്‍നാട്ടിൽ ഇംഗ്ലീഷിലുള്ള 'നീറ്റ്' പ്രവേശന പരീക്ഷ വിദ്യാർത്ഥികൾക്ക് വലിയ കടമ്പ തന്നെയാണ്. മാത്രമല്ല, സിബിഎസ്‍സി സിലബസ്സിൽ നിന്നാണ് നീറ്റിൽ മിക്കവാറും ചോദ്യങ്ങൾ വരുന്നതെന്നും, സ്റ്റേറ്റ് സിലബസ്സിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പദങ്ങൾ പഠിച്ചെടുത്താൽപ്പോലും, പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ ബുദ്ധിമുട്ടാണെന്നും ആരോപണങ്ങളുയർന്നിരുന്നു.
'നീറ്റ്' പരീക്ഷ തമിഴ്‍നാട്ടിലെ ഒരു പ്രധാന പ്രചാരണ വിഷയമായിരുന്നു. ഡിഎംകെ അടക്കമുള്ള എല്ലാ രാഷ്ട്രീയകക്ഷികളും നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് പ്രചാരണം നടത്തി. ബിജെപി സഖ്യ കക്ഷിയായിരുന്ന അണ്ണാ ഡിഎംകെയും നീറ്റ് റദ്ദാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇത് തള്ളിക്കളഞ്ഞിരുന്നു.
ഗ്രാമീണ മേഖലകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പലപ്പോഴും നീറ്റ് പരീക്ഷയിൽ മികച്ച മാർക്ക് നേടാനാകുന്നില്ലെന്നും, ചോദ്യങ്ങൾ വിവേചനപരമാണെന്നും നേരത്തേ ആരോപണങ്ങളുയർന്നിരുന്നതാണ്. പ്ലസ്‍ടു സയൻസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയ തമിഴ്‍നാട്ടിലെ എസ് അനിത എന്ന പെൺകുട്ടി നീറ്റ് പരീക്ഷയിൽ അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. നീറ്റിനെതിരെ സുപ്രീംകോടതി വരെ പോയി നിയമപോരാട്ടം നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയായിരുന്നു തീർത്തും പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന അനിത ജീവനൊടുക്കിയത്. അനിതയ്ക്ക് പിന്നാലെ എസ് പ്രതിഭ എന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്തതോടെ തമിഴ്‍നാട്ടിൽ പ്രക്ഷോഭം ആളിക്കത്തി.
നീറ്റിന്‍റെ പേരിലുള്ള ഈ ആത്മഹത്യകളുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനും അണ്ണാ ഡിഎംകെ സർക്കാരിനുമാണെന്ന് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ ആരോപിച്ചു. നീറ്റിൽ തമിഴ്‍നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒഴിവാക്കുന്ന പ്രമേയം നിയമസഭ പാസ്സാക്കിയിരുന്നതാണ്. ഈ പ്രമേയം കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam