
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വസതിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കങ്കണ ഈ പരാമർശം നടത്തിയത്. ഹിമാചൽ സർക്കാർ പരാജയമാണെന്ന് കങ്കണ കുറ്റപ്പെടുത്തി.
തന്‍റെ മണ്ഡലമായ മാണ്ഡിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു കങ്കണ- "ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ദയനീയമായ സാഹചര്യം സൃഷ്ടിച്ചു. ഈ മാസം, മണാലിയിലെ എന്‍റെ വീടിന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു, അവിടെ ഞാൻ താമസിക്കുന്നത് പോലുമില്ല! ഇവിടുത്തെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ."
രാജ്യമെമ്പാടും മോദി തരംഗമുണ്ടെന്നും പക്ഷേ ഹിമാചൽ പ്രദേശിന്റെ അവസ്ഥ വേദനാജനകമാണെന്നും കങ്കണ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നോർത്ത് ലജ്ജ തോന്നുന്നു. ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചെന്നായകളുടെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
പിന്നാലെ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തത്തി. കങ്കണ റണാവത്തിന്‍റെ പ്രസ്താവന അന്യായവും നിരുത്തരവാദപരവുമാണെന്ന് കോൺഗ്രസ് വിമർശിച്ചു. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം ഉചിതമായ ഔദ്യോഗിക മാർഗങ്ങളിലൂടെ അത്തരം വിഷയങ്ങൾ പരിഹരിക്കണമെന്ന് എംപിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam